27 April Saturday
നോളജ് വില്ലേജിന് മന്ത്രി അധ്യക്ഷനായി സമിതി

അറിവിലേക്ക്‌ ഗ്രാമങ്ങളുണരും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
പത്തനംതിട്ട
റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ മേൽനോട്ടത്തിനും ഏകോപനത്തിനും മന്ത്രി  അധ്യക്ഷനായി   സര്‍ക്കാര്‍  സമിതി രൂപീകരിക്കുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാന തൊഴിൽ,  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചെയർമാനും  അഡ്വ.  പ്രമോദ് നാരായൺ  എംഎല്‍എ  വൈസ് ചെയർമാനും തൊഴിൽ  പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറുമായ സമിതിയാണ് രൂപീകരിക്കുക. ആധുനിക വൈജ്ഞാനിക സമൂഹത്തിന്റെ സൃഷ്ടി , അങ്കണവാടികൾ മുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ നടത്തുന്ന അക്കാദമിക് പ്രവർത്തനങ്ങളുടെ മികവ്, തൊഴിൽ സംരംഭകത്വ സംസ്‌കാരം മെച്ചപ്പെടുത്തൽ എന്നിവ ലക്ഷ്യമിട്ട്‌ പ്രമോദ് നാരായൺ എംഎൽഎ റാന്നി മണ്ഡലത്തില്‍ ആവിഷ്‌കരിച്ച പദ്ധതിയാണിത്.  സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതോടെ പദ്ധതി  ആസൂത്രണത്തിലും നിർവഹണത്തിലും സുപ്രധാന  ചുവടുവെപ്പ്‌ സാധ്യമാകും. 
റാന്നിയിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്‌കില്‍ ആന്‍ഡ്‌ ഇന്നവേഷൻ ഹബ്ബിന്റെ വിശദമായ പദ്ധതിരേഖ തയ്യാറാക്കാൻ സെൻട്രൽ ഫോർ മാനേജ്മെന്റ്‌ ഡെവലപ്മെന്റിനെ ചുമതലപ്പെടുത്താനും മുഖ്യമന്ത്രിയുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
റാന്നി നോളജ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനവും ഉടൻ തുടങ്ങും. സംസ്ഥാനത്തിനാകെ മാതൃകയാകുന്ന പദ്ധതിക്ക് മുഖ്യമന്ത്രിയുടേയും സംസ്ഥാന സർക്കാരിന്റേയും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് പ്രമോദ് നാരായൺ എംഎൽഎ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തൊഴിൽ, ശിശുക്ഷേമം, പ്രവാസി ക്ഷേമം, നൈപുണ്യ പരിശീലനം തുടങ്ങി വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന ഏജൻസികളുടെയും സർക്കാർ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ റാന്നി നോളജ് വില്ലേജ് പദ്ധതിക്കായി ഏകോപിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം ആണ് .
നോളജ് വില്ലേജ് പദ്ധതിയുടെ മുന്നൊരുക്കത്തിനും അക്കാദമിക്  ആസൂത്രണത്തിനുമായി  വിപുലമായ പ്രവർത്തനങ്ങളാണ്  നടത്തിയത്. പ്രീ പ്രൈമറി, സ്കൂൾ, ഉന്നത വിദ്യാഭ്യാസ തലം എന്നിവയിൽ മൂന്ന്‌ അക്കാദമിക് കൗൺസിലുകൾ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ചു. മൂന്ന് കൗൺസിലുകളുടെയും ഏകോപിത പ്രവർത്തനം ഉറപ്പാക്കാന്‍  എംഎൽഎയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വിദഗ്ധരെ ഉൾപ്പെടുത്തി  പ്രത്യേക സമിതിയും  രൂപീകരിച്ചു.  
മുഖ്യമന്ത്രിയുടെ ചേമ്പറിൽ  ചേർന്ന  യോഗത്തിൽ  മുഖ്യമന്ത്രിയുടെ  ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം, എഎസ്എപി  എം ഡി ഡോ.  ഉഷ ടൈറ്റ്‌സ്, കെ -ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണൻ , ഐസിടിഎകെ  സിഇഒ  സന്തോഷ് കുറുപ്പ് ,  പി എന്‍ ഷിബു , സുബിൻ ദാസ്, ആർ അഭിലാഷ്  എന്നിവര്‍  പങ്കെടുത്തു.  ബി രാജശ്രീ, ഷാജി എ സലാം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top