20 April Saturday

കടുവകളുടെ എണ്ണം കൂടും; കണക്കെടുപ്പ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

റാന്നി വനമേഖലയിൽ വനപാലകസംഘം സർവേ നടത്തുന്നു

റാന്നി
കടുവകളുടെ കണക്കെടുപ്പ് ഇത്തവണ പൂർത്തിയാക്കുമ്പോൾ രാജ്യത്താകെ  മൂവായിരത്തിലധികം കടുവകളുണ്ടാകുമെന്ന്  നി​ഗമനം.   2018ലെ  സർവ്വേയിൽ ഇന്ത്യയിൽ 2,967 കടുവകൾ ഉണ്ടെന്നായിരുന്നു ഔദ്യോഗിക കണ്ടെത്തൽ . നാല് വർഷത്തിനു ശേഷം വീണ്ടും  കടുവകളുടെ സെൻസസ് ആരംഭിച്ചു. എട്ടു ദിവസം നീളുന്ന കണക്കെടുപ്പ് ഡിസംബർ നാലിന് അവസാനിക്കും.   ഇതിന് മുന്നോടിയായി സംസ്ഥാനത്ത് പെരിയാർ  കടുവാസങ്കേതം,  റാന്നി വനം ഡിവിഷനിലെ ഗൂഡ്രിക്കൽ റേഞ്ച് എന്നിവിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചു. 
 
    ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ മേൽനോട്ടത്തിൽ നാലു ഘട്ടങ്ങളായാണ്  കണക്കെടുപ്പ് . ആദ്യം  കടുവകളുടെ സഞ്ചാരപഥം  കണ്ടെത്തി ക്യാമറകൾ സ്ഥാപിക്കും. ക്യാമറകൾക്ക് മുന്നിലൂടെ മൃഗങ്ങൾ  പോകുമ്പോൾ സെൻസർ പ്രവർത്തിക്കുകയും ചിത്രങ്ങൾ എടുക്കുകയും  ചെയ്യും .  ചിത്രങ്ങൾ ശാസ്ത്രീയ നിരീക്ഷണത്തിന് വിധേയമാക്കിയാകും ഒന്നാംഘട്ടം പൂർത്തിയാക്കുക. ഓരോ വന്യജീവി 
 സങ്കേതത്തെയും പലതായി തിരിച്ച് കടുവകളുടെയും ഇതര ജീവികളുടെയും എണ്ണവും രേഖപ്പെടുത്തുന്നതാണ്  അടുത്ത നടപടി. കടുവകൾ നിലത്തും മരത്തിലും  സൃഷ്ടിക്കുന്ന പാടുകളും    കണ്ടെത്തും. 
 
തിരുവനന്തപുരം  മുതൽ തൃശ്ശൂർ,  ചാലക്കുടി വരെയുള്ള കണക്കെടുപ്പ്  പെരിയാർ ടൈഗർ ഫൗണ്ടേഷനും ചാലക്കുടി മുതൽ കാസർഗോഡ് വരെ പറമ്പിക്കുളം വന്യജീവി  സങ്കേതത്തിനുമാണ് കണക്കെടുപ്പ്  ചുമതല. 2018 ൽ ക്യാമറട്രാക്ക് ഉപയോഗിച്ച് ശാസ്ത്രീയമായി നടത്തിയ കണക്ക്  ഗിന്നസ് റെക്കോർഡ് നേടി. അന്ന്   76 ,651 ചിത്രങ്ങൾ ലഭിച്ചു.  ഇതിൽ നിന്ന് സൂക്ഷ്മ പരിശോധന നടത്തിയാണ്  കടുവകളുടെ എണ്ണം 2663  ആണെന്ന് കണ്ടെത്തിയത് .കടുവകളുടെ പുറത്തെ വരകളുടെ വ്യത്യാസവും മറ്റ് പ്രത്യേകതകളും പരിശോധിച്ചാണ് ഇത്രയും ചിത്രങ്ങളിൽ നിന്ന്   എത്ര എണ്ണമാണെന്ന് കണ്ടെത്തിയത്. മറ്റു സംവിധാനത്തിലൂടെയും എണ്ണം തിട്ടപ്പെടുത്തിയാണ് 2,967  എന്ന് തിട്ടപ്പെടുത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top