19 April Friday
കോസ്‌വേ മുങ്ങിയാൽ ഒറ്റപ്പെടൽ

പാലം വേണമെന്ന്‌ കുരുമ്പൻമൂഴിക്കാർ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021
റാന്നി
പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നാലുടൻ ഒറ്റപ്പെടുകയാണ്‌ കുരുമ്പൻമൂഴിക്കാർ. നിരന്തരമായ മഴ കാരണം ഇവിടെ എന്നും കോസ്‌വേ മുങ്ങുന്നു. കോസ് വേയ്ക്ക് പകരം പാലം വേണമെന്ന കുരുമ്പൻമൂഴി നിവാസികളുടെ ആവശ്യം ഇതോടെ ശക്തമാവുകയാണ്. പാലം നിർമിക്കുന്നത് സംബന്ധിച്ച്  പൊതുമരാമത്ത് മന്ത്രിക്കും മുഖ്യമന്ത്രിക്കും രേഖാമൂലം കത്ത് നൽകിയിട്ടുണ്ട്. പദ്ധതികളിൽ മുൻഗണന കുരുമ്പൻമൂഴി പാലത്തിന് ആയിരിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.
നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പൻമൂഴി ശബരിമല കാടുകളിലെ ഒറ്റപ്പെട്ട തുരുത്താണ്. 400 കുടുംബങ്ങൾ പാർക്കുന്ന ഇവിടെ മൂന്നുവശവും കൊടുംകാടിനാൽ ചുറ്റപ്പെട്ടതാണ്. ഇടുക്കി ഡാമിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനാണ് ഇവിടെ സെറ്റിൽമെന്റ് കോളനികൾ ഉണ്ടാക്കിയത്.  പമ്പയാർ കടന്നുവേണം പുറത്തേയ്ക്കു പോകാൻ. പമ്പാ നദിക്കു കുറുകെ നിർമിച്ചിരിക്കുന്ന ഉയരം കുറഞ്ഞ കോസ്‌വേ മാത്രമാണ് ആണ് ഇവിടെ നിന്ന് പുറത്തേക്ക് പോകാൻ ഏക മാർഗം. മഴ പെയ്താൽ പമ്പയിലെ ജലനിരപ്പുയർന്ന് കോസ് വേ മുങ്ങും. പിന്നെ ഇവിടത്തുകാർ പുറംലോകത്തുനിന്നുതന്നെ ഒറ്റപ്പെടും. സ്കൂൾ, ആശുപത്രി, പോസ്റ്റോഫീസ് സൗകര്യങ്ങളൊന്നുമില്ലാത്ത ഇവരുടെ കുട്ടികളുടെ പഠനം, രോഗികളുടെ ആശുപത്രിയിലേയ്ക്കുള്ള യാത്ര, എന്തിനേറെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതപോലും അന്യമാകും. തൊട്ടുതാഴെ പെരുന്തേനരുവി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്‌ടിനായി ഡാം നിർമിച്ചതോടെ പ്രശ്നം കൂടുതൽ വഷളായി. പമ്പാനദിയിൽ ചെറിയ തോതിൽ പോലും വെള്ളം ഉയർന്നാൽ കോസ്‌വേ മുങ്ങുന്നു. ജൂൺ മുതൽ നവംബർ വരെ പല തവണ ദിവസങ്ങളോളം  പ്രദേശം ഒറ്റപ്പെടും. കുത്തൊഴുക്കിൽ ഒഴുകിയെത്തുന്ന തടികൾ ഇടിച്ച് കോസ് വേയുടെ ഇരു ഭാഗത്തെയും കൈവരികൾ തകർന്നു പോയിരിക്കുകയാണ്. ഇതും അപകട ഭീഷണിയുയർത്തുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top