19 April Friday
റീബിൽഡ്‌ കേരള

റോഡ് നിർമാണത്തിന് 
പ്രവർത്തന കലണ്ടർ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമാണം നടക്കുന്ന റോഡുകളുടെ പ്രവർത്തന പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ വിലയിരുത്തുന്നു

കോന്നി 
നിയോജക മണ്ഡലത്തിലെ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമാണം നടക്കുന്ന റോഡുകളുടെ സമയബന്ധിതമായ പൂർത്തീകരണത്തിന്   പ്രവർത്തന കലണ്ടർ തയ്യാറാക്കി.  നിർമാണ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ വിലയിരുത്തി. നാല് റോഡുകളുടെ നിർമാണമാണ്‌  പുരോഗമിക്കുന്നത്.
തണ്ണിത്തോട് പഞ്ചായത്തിൽ 4.32 കിലോമീറ്റർ ദൂരമുള്ള തണ്ണിത്തോട് പ്ലാന്റേഷൻ തേക്കുതോട് റോഡ്  5.05 കോടി രൂപയ്ക്കാണ് ആധുനിക നിലവാരത്തിൽ വികസിപ്പിക്കുന്നത്. പ്രവർത്തിയുടെ ആദ്യഘട്ട ടാറിങ് പൂർണമായും പൂർത്തിയായി. റോഡിന്റെ സംരക്ഷണഭിത്തിയും  റോഡിന്റെ വീതി വർദ്ധിപ്പിക്കലും  വെള്ളം ഒഴുകിപ്പോകാനുള്ള ചപ്പാത്തുകളുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്. രണ്ടാംഘട്ട ടാറിങ്  ഡിസംബർ മാസം പൂർത്തിയാക്കും. ഐറിഷ് ഓടകളുടെ പ്രവർത്തിയും ട്രാഫിക് സേഫ്റ്റി പ്രവർത്തികളും  ജനുവരി 15 നുള്ളിൽ പൂർത്തീകരിക്കും. കോഴിക്കോട് കേന്ദ്രമാക്കിയുള്ള ഏബിൾ കൺസ്ട്രക്ഷൻ കമ്പനിയാണ്  കരാർ ഏറ്റെടുത്ത് നടത്തുന്നത്.
സീതത്തോട് പഞ്ചായത്തിലെ കോട്ടമൺപാറ മേലെ കോട്ടമൺപാറ പാണ്ഡ്യൻ പാറ റോഡിൽ ഒരു കിലോമീറ്റർ റോഡ് കോൺക്രീറ്റും, 4 കലുങ്കുകളുടെ നിർമാണവും  റോഡിന്റെ വീതി വർധിപ്പിക്കലും പൂർത്തിയായി. 1.79 കിലോമീറ്റർ ദൂരത്തിൽ 2.48 കോടി രൂപയ്ക്കാണ് ആധുനിക നിലവാരത്തിൽ നിർമിക്കുന്നത്. ഫെബ്രുവരി 28 നുള്ളിൽ നിർമാണം പൂർത്തീകരിക്കും.
 അരുവാപ്പുലം പഞ്ചായത്തിലെ പഞ്ചായത്ത് പടി പുളിഞ്ചാണി രാധപ്പടി റോഡിൽ  10 കലുങ്കുകളുടെ നിർമാണം  പൂർത്തിയായി. ഓടയുടെ നിർമാണവും പൂർണമായി.  06 കിലോമീറ്റർ ദൂരത്തിൽ 4.04 കോടി രൂപയ്ക്കാണ് റോഡ്‌ വികസിപ്പിക്കുന്നത്.  ട്രാഫിക് സുരക്ഷാ പ്രവർത്തികൾ  ഉൾപ്പടെ  മെയ്  15 നുള്ളിൽ പൂർത്തീകരിക്കും.കോന്നി പോലീസ് സ്റ്റേഷൻ -ടിവിഎം ആശുപത്രി- ഇളങ്ങ വട്ടം ക്ഷേത്രം റോഡ് 2.57 കോടി രൂപയ്ക്കാണ് ആധുനിക നിലവാരത്തിൽ വികസിപ്പിക്കുന്നത്.  പ്രവർത്തിയുടെ കോന്നി മാർക്കറ്റിന് സമീപമുള്ള കലുങ്കിന്റെ നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ചിട്ടുണ്ട്. കലുങ്കിന്റെ വലുപ്പം കാരണം ഓടയിൽ കൂടി ഒഴുകിയെത്തുന്ന വെള്ളം  കലുങ്കിനുള്ളിൽ  കെട്ടിക്കിടക്കുന്നത് പരാതിക്ക് ഇടയാക്കിയിരുന്നു.  
സ്ഥലം സന്ദർശിച്ച എംഎൽഎ രണ്ടുദിവസത്തിനുള്ളിൽ  പരിഹാരം കാണുവാൻ  റീ ബിൽഡ് കേരള കോട്ടയം എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി. ട്രാഫിക് സുരക്ഷാപ്രവർത്തികളും സൂചനാ ബോർഡുകൾ സ്ഥാപിക്കലും ഉൾപ്പടെ  മാർച്ച് 31 ഉള്ളിൽ റോഡ്‌ പൂർത്തിയാക്കും. പ്രവർത്തന കലണ്ടർ പ്രകാരം  നിർമാണം  സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് എംഎൽഎ റീ- ബിൽഡ് കേരള എൻജിനീയർമാർക്കും  കരാറുകാർക്കും കർശന നിർദ്ദേശം നൽകി. 
അരുവാപ്പുലം പഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്മ മറിയം റോയ്, തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ്‌ കുട്ടപ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  തുളസി മണിയമ്മ, വർഗീസ് ബേബി, പഞ്ചായത്ത് അംഗങ്ങളായ കെ ജി  ഉദയകുമാർ, ജോജു വർഗീസ്, വി കെ രഘു, റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് കോട്ടയം എക്സിക്യൂട്ടീവ് എൻജിനീയർ പി പ്രസാദ്, ആർകെ ഐ പത്തനംതിട്ട അസിസ്റ്റന്റ് എൻജിനീയർ റഫിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top