പത്തനംതിട്ട
യുഡിഎഫ് ഭരണത്തിലുള്ള പത്തനംതിട്ടയിലെ പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കിൽ വായ്‌പ നൽകുന്നത് ജാമ്യ വ്യവസ്ഥയ്‌ക്ക് വിരുദ്ധമായി. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ബാങ്കിൽ വായ്‌പ അനുവദിക്കുന്നത്. ജാമ്യ വ്യവസ്ഥ പാലിക്കാതെ വായ്‌പ എടുത്ത രണ്ട് യുഡിഎഫ് സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളി. യുഡിഎഫ് സ്ഥാനാർഥികളായ മുൻ ഡിസിസി പ്രസിഡന്റ് പി മോഹൻരാജ്, കോൺഗ്രസ് പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് റെന്നിസ് മുഹമ്മദ് എന്നിവരുടെ പത്രികയാണ് തള്ളിയത്.
വർഷങ്ങളായി യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണ സമിതി ഭരിക്കുന്ന ബാങ്കിൽ ക്രമ വിരുദ്ധമായി നിരവധി വായ്‌പകൾ നൽകിയതായാണ് പുറത്ത് വരുന്ന വിവരം. ബാങ്ക് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ ബൈലോ ഭേദഗതിയിലൂടെ വീണ്ടും അധികാരത്തിലെത്താനുള്ള യുഡിഎഫ് ശ്രമത്തിന് പത്രിക തള്ളിയത് തിരിച്ചടിയായി.
വ്യാഴാഴ്‌ച നടന്ന പത്രിക സൂക്ഷമ പരിശോധനയിലാണ് രണ്ട് യുഡിഎഫ് സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് വരണാധികരി തള്ളിയത്. ഒക്‌ടോബർ 14നാണ് ബാങ്ക് തെരഞ്ഞെടുപ്പ്. സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജാമ്യ വ്യവസ്ഥ പാലിക്കാതെയുള്ള വായ്‌പയാണ് പത്രിക തള്ളാൻ കാരണം. സഹകരണ സംരക്ഷണ മുന്നയുടെ 13 സ്ഥാനാർഥികളുടെയും പത്രിക അംഗീകരിച്ചു.
25 വർഷത്തിലധികമായി കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതയാണ് ബാങ്ക് ഭരിക്കുന്നത്. ഏത് വിധേനയും ഭരണം നിലനിർത്താൻ ഭരണ സമിതി ഒരു വർഷം മുമ്പ് ബൈലോയിൽ ഭേദഗതി വരുത്തി. ബാങ്കിൽ നിന്ന് വായ്‌പ എടുത്തവർക്ക് മാത്രമെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയൂ എന്ന ഭേദഗതിയാണ് കൊണ്ടുവന്നത്. ഇത് പ്രകാരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി മാത്രം സെപ്‌തംബറിലാണ് മോഹൻ രാജും റെന്നിസും വായ്‌പ എടുത്തത്. 50,000 രൂപയാണ് മുൻ ഡിസിസി പ്രസിഡന്റിന്റെ വായ്‌പ. വായ്‌പയ്‌ക്കായി ഇരുവരും ജാമ്യം നൽകിയതാകട്ടെ യുഡിഎഫിന്റെ തന്നെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ജീവനക്കാരുടെ വേതന രസീത്. എന്നാൽ നിയപ്രകാരം വായ്‌പകൾക്ക് ജാമ്യമായി സർക്കാർ, അർധ സർക്കാർ ജീവനക്കാരുടെ വേതന രസീതേ പരിഗണിക്കു. അല്ലെങ്കിൽ വസ്‌തു, ഗഹാൻ എന്നിവയുടെ ജാമ്യത്തിൽ വേണം വായ്‌പ അനുവദിക്കാൻ. നിയമ വിരുദ്ധമായാണ് ഇരുവർക്കും വായ്‌പ നൽകിയതെന്ന് ബോധ്യമായതോടെയാണ് വരണാധികാരി പത്രിക തള്ളിയത്. ഇതോടെ ബൈലോയിൽ അടക്കം ഭേദഗതി വരുത്തി ബാങ്ക് ഭരണം പിടിക്കാനുള്ള യുഡിഎഫ് നീക്കത്തിന് തിരിച്ചടിയായി.
സൂക്ഷ്‌മ പരിശോധനയിൽ വായ്‌പാ വ്യവസ്ഥ ലംഘനം ശ്രദ്ധയിൽപെട്ടപ്പോൾ ബാങ്കിൽ നിന്ന് സ്ഥിരമായി ഇത്തരത്തിലാണ് വായ്‌പകൾ നൽകുന്നതെന്നായിരുന്നു സെക്രട്ടറിയുടെയും മാനേജരുടെയും മറുപടി. വർഷങ്ങളായി യുഡിഎഫ് മാത്രം ഭരിക്കുന്ന ബാങ്കിൽ നിന്ന് ഇത്തരത്തിൽ നിയമവിരുദ്ധമായി എത്ര വായ്‌പ നൽകിയെന്നത് അന്വേഷിക്കേണ്ടതുണ്ട്. ലക്ഷങ്ങൾ വരുമെന്നാണ് പ്രാഥമിക വിവരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..