12 July Saturday
നാലുപദ്ധതിയുടെ ഉദ്ഘാടനം ഉടൻ

ജില്ലാ ആശുപത്രിക്ക് 
ഒപ്പമെത്താൻ മറ്റാരുമില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022

ജില്ലാ ആശുപത്രിയിൽ നിർമാണം പൂർത്തിയായ ഓക്സിജൻ പ്ലാന്റ്

കോഴഞ്ചേരി
വികസനത്തിന്റെ പുതിയ വഴിത്താരയിൽ ജില്ലാ ആശുപത്രി. ഓക്‌സിജൻ പ്ലാന്റും മാലിന്യ സംസ്‌കരണ പ്ലാന്റും പൂർത്തിയായി. ബയോഗ്യാസ് പ്ലാന്റും ഹൈടെൻഷൻ ട്രാൻസ്‌ഫോർമറും 550 കെ വി ജനറേറ്ററും ഉദ്ഘാടനത്തിന് സജ്ജം. മെഡിക്കൽ ഓക്‌സിജനും ആവശ്യത്തിന് ലഭ്യമാണ്. എൽഡിഎഫ് തേരിലേറി കോഴഞ്ചേരി കരസ്ഥമാക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങൾ. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കരുതലും ജില്ലാ പഞ്ചായത്തിന്റെ ഇടപെടലുകളും ഈ ആതുരാലയത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേയ്ക്കാണ് ഉയർത്തുന്നത്.
കോവിഡ് രണ്ടാംതരംഗ ഘട്ടത്തിലാണ് ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് 1000 എൽ പി എം പ്ലാന്റ്‌ അനുവദിച്ചത്. തൊട്ടുപിന്നാലെ വി കെ എൽ ഗ്രൂപ്പ് വാഗ്‌ദാനം ചെയ്ത 300 എൽ പി എം ഉല്പാദനശേഷിയുള്ള പ്ലാന്റും ജില്ലാ ആശുപത്രിക്കുതന്നെ നൽകി. ഒരു മിനിറ്റിൽ 1300 ലിറ്റർ ഓക്സിജൻ  ഉൽപാദിപ്പിക്കാൻ കഴിയുന്ന പ്ലാന്റിന്റെ നിർമാണമാണ് പൂർത്തിയായത്.
പ്ലാന്റിനാവശ്യമായ എല്ലാ ഭൗതിക സംവിധാനങ്ങളും ക്രമപ്പെടുത്തിയത് അഡ്വ. ഓമല്ലൂർ ശങ്കരൻ പ്രസിഡന്റും സാറാ തോമസ് വൈസ് പ്രസിഡന്റുമായ ജില്ലാ പഞ്ചായത്താണ്. ഏ ബ്ലോക്കിന്റെ പിന്നിലാണ്‌ കെട്ടിടം പണിതത്. ഇവിടേയ്ക്ക്  വഴി വെട്ടി. പ്രത്യേക ലൈൻ വലിച്ച് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചു. ആശുപത്രിയുടെ മുഴുവൻ വൈദ്യുത ഉപയോഗവും ഉറപ്പാക്കാനാവുന്നതാണ്‌  പുതിയ ജനറേറ്റർ. ഒരു കോടിയിലധികം രൂപയാണ് ഇതിനായി ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്.
150 കിലോലിറ്റർ ശുദ്ധീകരണ ശേഷിയുള്ളതാണ് നിർമാണം പൂർത്തിയായ മാലിന്യ സംസ്‌കരണ പ്ലാന്റ്‌. ഇതോടൊപ്പം ആരംഭിച്ച  ബയോഗ്യാസ് പ്ലാന്റിലൂടെ ആശുപത്രി ക്യാന്റീനിലടക്കം പാചകവാതക ലഭ്യത ഉറപ്പാക്കാനാവും. ജില്ലാ ആശുപത്രിയിൽ പരിസര ശുചിത്വമുറപ്പാക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top