27 April Saturday

വെന്റിലേറ്റർ വാങ്ങുന്നതിന് ബിപിസിഎൽ 55 ലക്ഷം നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

 പത്തനംതിട്ട

പൊതുമേഖലാ കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ വെന്റിലേറ്റർ, പോർട്ടബിൾ വെന്റിലേറ്റർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് 55 ലക്ഷം രൂപ അനുവദിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കാണ് ബിപിസിഎല്ലിന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയിൽ ഉൾപ്പെടുത്തി ഉപകരണങ്ങൾ വാങ്ങുന്നത്. 
വീണാ ജോർജ് എംഎൽഎ,  കലക്ടർ പി ബി നൂഹ് എന്നിവരുമായി ബിപിസിഎൽ പ്രതിനിധികൾ നടത്തിയ ചർച്ചകളെ തുടർന്നാണ് പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് അടിയന്തരമായി ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാൻ തീരുമാനിച്ചത്. കലക്ടറുമായുള്ള ധാരണാപത്രം അനുസരിച്ച് ബിപിസിഎൽ നൽകുന്ന 55 ലക്ഷം രൂപ ഉപയോഗിച്ച് പൊതുമേഖലാസ്ഥാപനമായ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിന്നും  ഉപകരണങ്ങൾ വാങ്ങി ഉപയോഗപ്പെടുത്തും. 
പ്രതിസന്ധി ഘട്ടത്തിൽ പത്തനംതിട്ട ജില്ലയിലെ ജനങ്ങൾക്ക് സഹായം ചെയ്യുക എന്നത് ഉത്തരവാദിത്തമുള്ള പൊതുമേഖലാ സ്ഥാപനമെന്ന നിലയ്ക്ക് ബിപിസിഎല്ലിന്റെ കടമയാണെന്ന് ബിപിസിഎൽ പബ്ലിക് റിലേഷൻസ് വിഭാഗം ജനറൽ മാനേജർ ജോർജ് തോമസ് പറഞ്ഞു. 
ഒരു മാസത്തിനിടെ പത്തനംതിട്ട ജില്ലയുമായി ബിപിസിഎൽ സഹകരിക്കുന്ന രണ്ടാമത്തെ പദ്ധതിയാണ് ഇത്. ശബരിമല തീർഥാടകർക്കായി തീർഥാടക വിശ്രമകേന്ദ്രങ്ങളിൽ 61 ശുചിമുറികൾ സ്ഥാപിക്കുന്നതിന് അടുത്തിടെ  കലക്ടറുമായി ബിപിസിഎൽ ധാരണാപത്രം ഒപ്പുവച്ചിരുന്നു.  ബിപിസിഎൽ നൽകുന്ന 85 ലക്ഷം രൂപ ഉപയോഗിച്ച് ജില്ലാ ഭരണത്തിന്റെ ആഭിമുഖ്യത്തിൽ നിർമിതികേന്ദ്രം നടപ്പാക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ചു കഴിഞ്ഞു. രണ്ടു പദ്ധതികൾക്കും കൂടി ആകെ 1.40 കോടി രൂപയാണ് പത്തനംതിട്ട ജില്ലക്കായി ബിപിസിഎൽ അനുവദിച്ചിരിക്കുന്നത്.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top