25 April Thursday

പുതമണ്ണിൽ താൽക്കാലിക 
പാലം വേണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023
റാന്നി
കോഴഞ്ചേരി -റാന്നി റോഡിലെ തകർന്ന പുതമൺ പാലത്തിന് പകരം പുതിയ പാലം നിർമിക്കുന്നതുവരെ താൽക്കാലിക പാലം നിർമിക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ പി ഉദയഭാനു ഗതാഗത മന്ത്രി മുഹമ്മദ് റിയാസിനോട് ആവശ്യപ്പെട്ടു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറിയറ്റംഗം എ പത്മകുമാർ, കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടി വി സ്റ്റാലിൻ , ലോക്കൽ  സെക്രട്ടറി റോയി ഓലിക്കൽ എന്നിവരോടൊപ്പം സ്ഥലം സന്ദർശിച്ച ശേഷമാണ് ജില്ലാ സെക്രട്ടറി ഇക്കാര്യം ആവശ്യപ്പെട്ടത്. 
പെരുന്തോട്ടിൽ കോൺക്രീറ്റ് പൈപ്പുകൾ സ്ഥാപിച്ച് മണ്ണിട്ട് ഉറപ്പിച്ചു താൽക്കാലിക പാലം നിർമിച്ച് അതിലൂടെ വാഹനങ്ങൾ കടത്തി വിടണം. റാന്നിയിൽ നിന്നും കോഴഞ്ചേരിയിലേക്കുള്ള പ്രധാന പാതയിലെ പാലം തകർന്നതുമൂലം ഈ പാതയിലെ ഗതാഗതം താറുമാറായിരിക്കുകയാണ്. ഇപ്പോൾ ബസുകൾ കീക്കൊഴൂർ പെരുച്ചാൽ പാലത്തിലൂടെ കയറി ചെറുകോൽപ്പുഴ - റാന്നി  റോഡിലെത്തിയാണ് പോകുന്നത്. വീതി കുറഞ്ഞ റോഡിന് ഈ  വാഹന ബാഹുല്യം ഉൾക്കൊള്ളാൻ കഴിയുന്നില്ല. മാത്രമല്ല കീക്കാഴൂർ മുതൽ മേലുകരവരെയുള്ള  നാട്ടുകാർക്ക് ഇതുമൂലം വളരെയധികം യാത്രാ ക്ലേശം അനുഭവപ്പെടുന്നുണ്ട്. പുതമണ്ണിലെത്തുന്ന ബസ്സുകൾ അന്ത്യാളൻ കാവ് വഴി തിരിച്ചുവിട്ടു പാലത്തിന്റെ മറുകരയിൽ എത്തി സർവീസ് നടത്താമെന്ന് വെച്ചാൽ പത്തു കിലോമീറ്ററിലധികം ചുറ്റേണ്ടതായി വരും.
 നാട്ടുകാരുടെ  പ്രശ്നം പരിഹരിക്കാനാണ് താൽക്കാലിക പാലം വേണമെന്ന ആവശ്യം ഉയർന്നത്. ഇതുകൂടാതെ കോഴഞ്ചേരിയിൽനിന്ന് പുതമൺ മറുകര വരെയും റാന്നിയിൽ നിന്ന് പുതമൺവരെയും കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസ്സുകൾ സർവീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും  ജില്ലാസെക്രട്ടറി കെ പി ഉദയഭാനു ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top