26 April Friday
കാട്ടുമൃ​ഗങ്ങളില്‍ നിന്നും രക്ഷയ്ക്ക്

പ്രതിരോധ വേലി

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

 പത്തനംതിട്ട

കാർഷികവിളകളെ വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ പ്രതിരോധ വേലി  നിർമാണവുമായി ജില്ലാ പഞ്ചായത്ത്.  കൃഷി ഭൂമിക്ക് ചുറ്റും തൂണുകളിൽ സ്ഥാപിക്കുന്ന കമ്പിവേലി, പന്നി ഉൾപ്പെടെ കാട്ടുമൃഗങ്ങളെ തടയാൻ ഫലപ്രദമാകുമെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ.  പദ്ധതി  നടത്തിപ്പിനാവശ്യമായ  ചെലവിന്റെ പകുതി ത്രിതല പഞ്ചായത്തും പകുതി  ​ഗുണഭോക്താക്കളും വഹിക്കും. 
ഒന്നര മീറ്റർ ഉയരത്തിലാണ് ചെയിൻ ലിങ്ക്സ് എന്നറിയപ്പെടുന്ന 60X60 മില്ലിമീറ്റർ കനമുള്ള ചങ്ങല, തൂണുകളിൽ സ്ഥാപിക്കുക.  കൃഷി വകുപ്പ് എൻജിനിയറാകും അതത് സ്ഥലത്തെ  എസ്റ്റിമേറ്റ് തയ്യാറാക്കുക. ഇതു  പ്രകാരം വേലി നിർമാണത്തിന്  തയ്യാറുള്ള കർഷകർ പഞ്ചായത്തിൽ അപേക്ഷ നൽകണം. ആദ്യഘട്ടത്തിൽ പറക്കോട്, കോന്നി, റാന്നി, ഇലന്തൂർ, കോയിപ്പുറം, മല്ലപ്പള്ളി ,പന്തളം,  ബ്ലോക്കുകളിലെ 24  പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക.  നടപ്പു വർഷം 500 ​ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിലാണ്  പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.  കർഷകർക്ക് നേരിട്ടാണ് പണം ലഭ്യമാക്കുക. കൃഷി എൻജിനിയർ നിർദേശിക്കുന്ന തരത്തിലുള്ള വേലി സാമ​ഗ്രികൾ കർഷകർക്ക് തന്നെ നേരിട്ട് വിപണിയിൽ നിന്നും വാങ്ങാം. തുടർന്ന് അവ സ്ഥാപിച്ചാൽ തദ്ദേശ സ്‌ഥാപനങ്ങളിലെ എൻജിനയർമാർ സ്ഥലം പരിശോധിച്ച് നിർമാണം ഉറപ്പുവരുത്തി സർട്ടിഫിക്കറ്റ് നൽകും. അതുമായി  തദ്ദേശസ്ഥാപനങ്ങളെ സമീപിച്ചാൽ ചെലവായതിന്റെ പകുതി പണം  കർഷകരുടെ അക്കൗണ്ടിൽ  നേരിട്ട് ലഭിക്കും.  
കർഷകർക്ക് സംയുക്തമായി കൃഷിയിടം വേലി നിർമിച്ച് സംരക്ഷിക്കാൻ സാധിച്ചാൽ ചെലവ് കുറയ്ക്കാൻ സാധിക്കും.  ജില്ലയിലെ കിഴക്കൻ പ്രദേശത്ത് മാത്രമല്ല മിക്കവാറും എല്ലാ മേഖലയിലും കാട്ടുമൃ​ഗങ്ങളുടെ ശല്യം ഏറിയിരിക്കുകയാണ്. കാട്ടുപന്നികളെ വെടിവച്ച് കൊല്ലുന്നതിന് ഉത്തരവ് ഉണ്ടെങ്കിലും അത് തോക്കിന് ലൈസൻസ് ഉള്ള ചിലർക്ക് മാത്രമാണ് അനുവാദം നൽകിയിട്ടുള്ളത്. കിഴങ്ങു വർ​ഗ വിളകൾ മാത്രമല്ല,  പച്ചക്കറികളും മറ്റു കാർഷിക വിളകളും കാട്ടുമൃ​ഗങ്ങൾ നശിപ്പിക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top