18 April Thursday
ശബരിമല ഹബ്

അന്തര്‍ സംസ്ഥാന സര്‍വീസും തുടങ്ങും: മന്ത്രി വീണാ ജോര്‍ജ്

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021
പത്തനംതിട്ട
ആവശ്യമെങ്കിൽ അന്തര്‍സംസ്ഥാന സർവീസും കെഎസ്ആര്‍ടിസി പത്തനംതിട്ട ഡിപ്പോയിലെ ശബരിമല ഹബില്‍ നിന്ന് ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.  ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച്  കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശബരിമല ഹബിന്റെ പ്രവർത്തനം ആരംഭിച്ചത്.  മറ്റു ജില്ലകളിൽ നിന്നും പത്തനംതിട്ട വഴി പമ്പയ്ക്ക് സർവീസ് നടത്തിയ  ബസുകൾ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ സർവീസ് അവസാനിപ്പിക്കും. ഈ ബസുകളിൽ വരുന്ന തീർഥാടകർക്ക്  പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശബരിമല ഹബിൽ രണ്ടു മണിക്കൂർ സമയം വിശ്രമിക്കാൻ അവസരമുണ്ട്. തുടർന്ന് പത്തനംതിട്ട -പമ്പ കണക്ട് ബസുകളിൽ യാത്ര ചെയ്യാന്‍  സൗകര്യം  ഒരുക്കിയിട്ടുള്ളത്. ഹബില്‍ നിന്ന്  പത്തനംതിട്ട -പമ്പ ചെയിൻ സർവീസും  മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. 
 കെഎസ്ആർടിസി ഹബിൽ 24 മണിക്കൂറും യാത്രക്കാർക്ക് സേവനം ലഭ്യമാക്കും. ദീർഘദൂര സ്ഥലങ്ങളിൽനിന്ന് പത്തനംതിട്ട ഹബ് മുഖേന  കെഎസ്ആർടിസി ബസിൽ വരുന്ന തീർഥാടകർക്ക് പമ്പ വരെയുള്ള യാത്രയ്ക്കായി ഒരു തവണ ടിക്കറ്റ് എടുത്താൽ മതി. അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്ക് ചെയിൻ സർവീസിലും യാത്ര ചെയ്യാം. എന്നാൽ, റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് വരുന്ന ബസുകളിലെ തീർഥാടകർക്ക് ആവശ്യമെങ്കിൽ നേരിട്ട് അതേബസിൽ തന്നെ പമ്പയിലേക്ക് പോകാൻ കഴിയും. ഹബിൽനിന്ന് പമ്പയിലേക്ക് പോകുന്ന ബസുകൾ ഭക്ഷണത്തിനോ വിശ്രമത്തിനോ എവിടെയും നിർത്തില്ല. 
തീർഥാടകർക്ക് വിരിവയ്ക്കാന്‍   വിശ്രമകേന്ദ്രം, ഇഎംഎസ് കോ-ഓപ്പറേറ്റീവ്  ആശുപത്രിയുടെ  മെഡിക്കൽ എയ്ഡ് പോസ്റ്റ്, കഫേ കുടുംബശ്രീ കെഎസ്ആർടിസി കാന്റീൻ എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ശബരിമല ഹബിനോട് അനുബന്ധിച്ച സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും, ബസ് ടെർമിനലിന്റെ മൂന്നാം നിലയിൽ ഒരുക്കിയ  ഓഫീസ് മുറിയും  മന്ത്രി സന്ദർശിച്ചു. നൂറ് പേർക്ക് വിരിവയ്ക്കാനുള്ള സംവിധാനം രണ്ടാം നിലയിലെ വിശ്രമകേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അഭ്യർഥന പ്രകാരമാണ് പത്തനംതിട്ടയിലെ കെഎസ്ആർടിസി ബസ് സ്റ്റേഷനെ ശബരിമല ഹബ് ആയി മാറ്റുന്നതിന് ഗതാഗത മന്ത്രി ആന്റണി രാജു  നിർദേശം നൽകിയത്.
 പത്തനംതിട്ട-, പമ്പ ചെയിൻ സർവീസിന്  50  ബസ്  അധികമായി അനുവദിച്ചു.  
തിരക്ക് കൂടുന്നത് അനുസരിച്ച് 65 ബസുകളാണ് ആകെ  സജ്ജീകരിച്ചിട്ടുള്ളത്. യാത്രക്കാർക്കുള്ള സൗകര്യങ്ങൾ ക്രമീകരിക്കാനും  ഹബിന്റെ സുഗമമായ പ്രവർത്തനത്തിനും 10 ഇൻസ്‌പെക്ടർമാർ, അഞ്ച് സ്റ്റേഷൻ മാസ്റ്റർ, മൂന്ന് ഗാർഡ് എന്നിവർ അടങ്ങുന്ന സംഘം  പ്രവർത്തിക്കും. കൂടാതെ ഒരു മെക്കാനിക്കൽ വാനും ക്രമീകരിച്ചു. ദീർഘദൂര ബസുകളിലെ ജീവനക്കാർക്ക് പത്തനംതിട്ടയിൽ വിശ്രമിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി.   അഞ്ചു ദിവസമായി പത്തനംതിട്ടയിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർടിസി ട്രയൽ റൺ നടത്തി വരികയായിരുന്നു.
ഇഎംഎസ് സഹകരണ ആശുപത്രി ചെയർമാൻ പ്രൊഫ. ടി കെ ജി നായർ, കൗൺസിലർ സുമേഷ് ബാബു, എടിഒ ആർ ഉദയകുമാർ, പമ്പ സ്പെഷ്യൽ എടിഒ അജിത്ത് കുമാർ, കെഎസ്ആർടിസി ജില്ലാ മെക്കാനിക്കൽ മാനേജർ ആർ ഹരികൃഷ്ണൻ, പമ്പ നോഡൽ ഓഫീസർ ജി അജിത്ത് കുമാർ, കെഎസ്ആർടിസി ട്രേഡ് യൂണിയൻ നേതാക്കളായ ജി ഗിരീഷ് കുമാർ, ആർ അജി, പി ആർ സന്തോഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധി നൗഷാദ് കണ്ണങ്കര, ഇഎംഎസ് സഹകരണ ആശുപത്രി സെക്രട്ടറി അലൻ മാത്യു, ഡോ.കെ ജി സുരേഷ്, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top