20 April Saturday
മറ്റൊരു വാ​ഗ്‌ദാനം കൂടി യാഥാര്‍ഥ്യമാകുന്നു

കോന്നി–-പുനലൂര്‍ 
രാജപാത ഉടൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
പത്തനംതിട്ട
ശബരിമല തീർഥാടനത്തിനുമുമ്പ് കോന്നി –- പുനലൂർ സംസ്ഥാന പാത നവീകരണം പൂർത്തിയാകും. അൽപ്പം മന്ദ​ഗതിയിലായ നിർമാണം മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശത്തെ തുടർന്ന് അതിവേ​ഗത്തിലാക്കുന്നു. പുനലൂർ –- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ ഒന്നാം റീച്ചായ പുനലൂർ –- കോന്നി ഭാഗമാണ് ഇനി പൂർത്തിയാക്കാനുള്ളത്.   
കോന്നി ന​ഗരത്തിലെയടക്കം ഓവു ചാലുകളും ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകളും  മാറ്റി സ്ഥാപിക്കാനാണ് കാലതാമസമുണ്ടായത്. പത്തനംതിട്ടയിൽ നിന്ന് കുമ്പഴ വഴി കോന്നി വരെ മികച്ച രീതിയിൽ പാത നവീകരിക്കപ്പെട്ടു. കുമ്പഴയ്ക്ക്‌ മുമ്പ് കുറച്ചിടത്ത്‌ വശങ്ങളിൽ ടാറിങ്‌ നടത്താനുണ്ട്. ജല അതോറിറ്റിയുടെ മാറ്റിയിടുന്ന പൈപ്പുകളിലൂടെ ജലവിതരണം പരീക്ഷണാടിസ്ഥാനത്തിൽ പമ്പ് ചെയ്ത് ലീക്കില്ലെന്ന് ഉറപ്പാക്കിയ ശേഷമേ കുഴികൾ മൂടി നവീകരണ നടപടി തുടരാനാകുമായിരുന്നുള്ളു. അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ നിരവധി തവണ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരുടെ യോ​ഗം വിളിച്ച്  പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ മുൻകൈയെടുത്തിരുന്നു. 
കോന്നി –- പത്തനാപുരം 16 കിലോമീറ്ററിലെ എട്ട് കിലോമീറ്ററാണ് ഇനി പൂർത്തിയാക്കാനുള്ളത്. ബിഎം ആൻഡ്‌ ബിസി നിലവാരത്തിൽ ടാറിങ് ചെയ്ത് ‌ഒക്ടോബർ രണ്ടാം വാരത്തോടെ സു​ഗമമായ ​ഗതാ​ഗത സൗകര്യം ഏർപ്പെടുത്താനാണ് ശ്രമമെന്ന് കെഎസ്ടിപി അധികൃതർ പറഞ്ഞു. ശബരിമല പാതകളുടെ നവീകരണം കൃത്യമായും സമയബന്ധിതമായും പൂർത്തിയാക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ 19, 20 തീയതികളിൽ ശബരിമല പാതകളിലൂടെ യാത്ര ചെയ്ത്  പാതകൾ പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.  
രണ്ടാം റീച്ചായ കോന്നി –-പ്ലാച്ചേരി 29 .60 കിലോമീറ്ററിന്റെയും മൂന്നാം റീച്ചായ പ്ലാച്ചേരി –- പൊൻകുന്നം പാതയുടെ(22.17 കിമീ) നിർമാണവും പൂർത്തിയായി. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം കൂടിയാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നത്. യുഡിഎഫ് കാലത്ത് സ്ഥലമെടുപ്പിന്റെ പേരിലും മറ്റും പണി മുടങ്ങിക്കിടന്നിരുന്നു. എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷമാണ് മൂന്നു ഘട്ടത്തിലെയും നിർമാണം പൂർത്തിയാക്കുന്നത്. 737.64 കോടി രൂപ ചെലവിലാണ് പുനലൂർ –-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നവീകരണ ജോലികൾ ആരംഭിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top