19 April Friday
ജില്ലാ പഞ്ചായത്ത്‌ ബജറ്റ്‌

കാർഷികമേഖല കുതിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

 പത്തനംതിട്ട

കാർഷിക മേഖലയ്‌ക്ക്‌ കരുത്ത്‌ പകരുന്ന കാർഷികോൽപന്നങ്ങളുടെ വൈവിധ്യവൽക്കരണത്തിനും സമ്പൂർണ ശുചിത്വത്തിനും ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത്‌ വാർഷിക ബജറ്റ്‌. വിദ്യാഭ്യാസ രംഗത്തെ മികവുറ്റതാക്കി മാറ്റുന്ന പ്രവർത്തനങ്ങളുടെ തുടർച്ചകൂടെയാണ്‌ ബജറ്റ്‌. വനിതാ– ശിശു, യുവജന, വയോജന ക്ഷേമം, ആരോഗ്യം, ഭവന നിർമാണം, പട്ടികജാതി പട്ടികവർഗ ക്ഷേമം തുടങ്ങി ജില്ലയുടെ വികസനത്തിനാവശ്യമായ സമസ്ത മേഖലകൾക്കും ബജറ്റിൽ പ്രാധാന്യം നൽകുന്നു. ഉൽപ്പാദന, സേവന, പശ്ചാത്തല മേഖലകളിൽ സമ്പൂർണ വികസനം ലക്ഷ്യം വയ്‌ക്കുന്നതാണ്‌ ബജറ്റ്‌. 145 കോടി രൂപ ആകെ വരവും 140 കോടി ആകെ ചെലവും അഞ്ച്‌ കോടി രൂപ നീക്കി ബാക്കിയുമുള്ള ബജറ്റ്‌ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മായാ അനിൽ കുമാർ അവതരിപ്പിച്ചു. 
ജില്ലാ പഞ്ചായത്ത്‌ കോൺഫറൻസ്‌ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായി. മുൻ എംപിയും ചലച്ചിത്ര താരവുമായ ഇന്നസെന്റിന്റെ വേർപാടിൽ യോഗം അനുശോചിച്ചു.
ലൈഫ്‌ ഭവനപദ്ധതിക്കായി 10 കോടിയും മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച്  തെരുവ് നായ ശല്യം പരിഹരിക്കാൻ ആധുനിക സൗകര്യങ്ങളുള്ള എബിസി കേന്ദ്രം നിർമിക്കാൻ 1.5 കോടി രൂപയും ചെറുകിട വ്യവസായ സംരംഭങ്ങൾക്ക്‌ 2.39 കോടിയും മത്സ്യകൃഷി വികസനത്തിന്‌ 1.07 കോടി രൂപയും വകയിരുത്തി. 
പട്ടികജാതി വികസനത്തിന്റെ ഭാഗമായി തൊഴിൽ രഹിതരായ യുവതീ, യുവാക്കൾക്ക്‌ അലവൻസ് നൽകുന്ന പദ്ധതി ഉൾപ്പെടെ പട്ടികജാതി ക്ഷേമത്തിനായി 3.85കോടിയും വകയിരുത്തി. പട്ടിക വർഗക്ഷേമത്തിനായി 92 ലക്ഷവും ഭിന്നശേഷി സൗഹൃദമാക്കാൻ 1.50 കോടിയും ഊർജ മേഖയ്ക്ക് 2.33 കോടിയും ദാരിദ്ര്യ ലഘൂകരണം, തൊഴിൽ മേഖല എന്നിവയ്ക്ക് 2.2 കോടിയും ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനിലെയും റോഡുകൾ നവീകരിക്കാൻ 45 കോടി രൂപയുമാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. പൊതുഭരണ വിഭാഗത്തിൽ ജില്ലാ പഞ്ചായത്ത് ഓഫീസിന്റെയും ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള സ്ഥാപനങ്ങളുടെയും വൈദ്യുതി, വെള്ളക്കരം എന്നീ ചാർജുകൾക്കായി 53,00000 രൂപയും ജില്ലാ പഞ്ചായത്ത് ഓഫീസ് നവീകരണ പ്രവർത്തനങ്ങൾക്കായി നാലു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ബജറ്റ് അവതരണ യോഗത്തിൽ ജില്ലാ പഞ്ചായത്തംഗങ്ങൾ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻ പിള്ള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ എസ് നൈസാം എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top