തിരുവല്ല
നാലുനിലകളുള്ള തിരുവല്ല റവന്യൂ ടവറിലെ 2 ലിഫ്റ്റുകളും നിശ്ചലമായിട്ട് രണ്ടാഴ്ച പിന്നിടുന്നു. ബഹു ഭൂരിപക്ഷം സർക്കാർ ഓഫീസുകളും കോടതികളുമുള്ള റവന്യു ടവറിൽ നിത്യേന അനേകമാളുകൾ വന്നെത്തുന്നതാണ്. നാലാം നിലയിലാണ് താലൂക്കാഫീസ്, സപ്ലെ ആഫീസ്, വ്യവസായ ആഫീസ്, എംപ്ലോയ്‌മെന്റ് ഓഫീസ്, പട്ടികജാതി വികസന ഓഫീസ് എന്നിവയെല്ലാം പ്രവർത്തിക്കുന്നത്. മൂന്നാം നിലയിൽ ആർടിഒ ഓഫീസ് ഉൾപ്പെടെ പ്രവർത്തിക്കുന്നു. പ്രായമായവർ ഏറെ പ്രയാസപ്പെട്ടാണ് ഇവിടേക്ക് പടി കയറി എത്തുന്നത്.
ലിഫ്റ്റുകളുടെ തകരാർ തുടങ്ങിയിട്ട് 4 മാസത്തിലേറെയായി. ഇക്കാലത്തിനിടയിൽ ഏതാനും ദിവസം ലിഫ്റ്റുകൾ പ്രവർത്തിച്ചെങ്കിലും വീണ്ടും തകരാറിലായി. രണ്ട് തവണ ലിഫ്റ്റിൽ കുടുങ്ങിയവരെ അഗ്നി രക്ഷാസേനയെത്തിയാണ് പുറത്തിറക്കിയത്. 22 സർക്കാർ ഓഫീസുകളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കെട്ടിടത്തിൽ അംഗ പരിമിതരും,ആരോഗ്യപരമായി അവശത അനുഭവിക്കുന്ന ജീവനക്കാർ അടക്കം ഉള്ളവർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് ലിഫ്റ്റിന്റെ തകരാർ.
തകരാർ അടിയന്തിരമായി പരിഹരിച്ച് ലിഫ്റ്റ് പ്രവർത്തന ക്ഷമമാക്കണമെന്നും, ശുചി മുറി സംവിധാനം ഉപയോഗ യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ റവന്യു ടവറിൽ പ്രകടനം നടത്തി. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി ബി മധു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഏരിയ സെക്രട്ടറി ബി സജീഷ്, പ്രസിഡന്റ് കെ എം ഷാനവാസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..