അടൂർ
എംസി റോഡിൽ മിത്രപുരത്ത് കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്. ചൊവ്വാഴ്‌ച പകൽ രണ്ടോടെയാണ് അപകടം.
കെഎസ്ആർടിസി ബസ് ഡ്രൈവർ കവിയൂർ കോട്ടൂർ ബ്രിജേഷ് ഭവനിൽ ബ്രിജേഷ് (44), ബസ് യാത്രക്കാരായ പത്തനാപുരം പാതിരിക്കൽ പ്രഭാമന്ദിരം അനിൽകുമാർ (58), പുലിയൂർ വേങ്ങല തറയിൽ ജോസ് (40), പുനലൂർ നരിക്കൽ ബഥേൽ നെസ്റ്റിൽ ബിജി ജോൺ (51), മല്ലപ്പള്ളി എം ജെ മൻസിലിൽ നിഷ (43), തൃശൂർ കുരിയച്ചിറ ചുങ്കത്ത് ഹൗസിൽ റപ്പായി (60), പറന്തൽ ജോബിൻ വില്ലയിൽ ശോശാമ്മ ഡാനിയേൽ (57), ലോറിയിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശി വൈഭവ് (30) എന്നിവരെ അടൂർ ജനറൽ ആശുപത്രിയിലും ബസിലുണ്ടായിരുന്ന കൊട്ടാരക്കര സ്വദേശികളായ കണ്ണൻ (50), ഇവാൻ (19) ആലുവ മഞ്ഞാടിയിൽ അശ്വിൻ (21) എന്നിവരെ അടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ഫാസ്റ്റ് പാസഞ്ചർ ബസിൽ എതിരെ വന്ന ടോറസ് ലോറിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ സീറ്റിന്റെ ഭാഗം പൂർണമായി ഇളകി പോയി. ഓടി ക്കൂടിയ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൊട്ടാരക്കരയിൽനിന്നും കോട്ടയത്തേക്ക് പോയ തിരുവല്ല ഡിപ്പോയിലെ കെഎസ്ആർടിസി ബസും ഗുജറാത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് ചരക്കുമായി പോയ ടോറസ് ലോറിയുമാണ് അപകടത്തിൽ പെട്ടത്. ബസിലുള്ള പരിക്കേറ്റവരെ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപതിയിലും എത്തിച്ചു. മറ്റൊരു ടിപ്പർ ലോറിയുടെ സഹായത്താൽ റോഡിന് നടുവിൽ കിടന്ന ബസ് അഗ്നിശമന സേനാ വിഭാഗം റോഡരികിലേക്ക് മാറ്റിയാണ് എംസി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..