19 April Friday

ഏഴ് തട്ടിൽ വിസ്മയമൊരുക്കി പനംകുടന്ത

പി അനൂപ്‌Updated: Monday Sep 27, 2021

പനംകുടന്ത അരുവി

 
റാന്നി
പാലരുവിയും കുറ്റാലവുമൊക്കെ എന്ത് ? ഇതല്ലേ വെള്ളച്ചാട്ടം. പനംകുടന്ത അരുവി ആദ്യമായി കാണുന്ന ഒരാളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ചോദ്യമാണിത്.
റാന്നിയുടെ കിഴക്കൻ മേഖലയിൽ വനാന്തർഭാഗത്ത് ഒളിഞ്ഞുകിടക്കുന്ന വെളളച്ചാട്ടം  അധികമാരുടെയും കണ്ണിൽപ്പെട്ടിട്ടില്ല. തട്ടുകളായി അടുക്കിയ പാറക്കെട്ടുകളുടെ മുകളിലൂടെ തല്ലിയലച്ചു നുരഞ്ഞുപതഞ്ഞൊഴുകുന്ന അരുവി ഒരു വർണ്ണവിസ്മയം തന്നെയാണ് തീർക്കുന്നത്‌. ദുർഘടംപിടിച്ച വഴിയും കാട്ടുമൃഗങ്ങളുടെ ശല്യവുമാണ് അരുവിയെ ഇപ്പോഴും സഞ്ചാരികളിൽനിന്ന് അകറ്റിനിർത്തുന്നത്. വനമേഖലയ്‌ക്കുള്ളിൽ സ്ഥിതിചെയ്യുന്നു എന്നത് ഇവിടേക്ക് എത്തിപ്പെടാനുള്ള നിയന്ത്രണങ്ങൾ കർശനമാക്കുന്നു.
നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പൻമൂഴിയിലാണ് പനംകുടന്ത അരുവി. വെച്ചൂച്ചിറയിൽനിന്ന്‌ കുരുമ്പംമൂഴി കോസ്‌വേ കയറിവേണം ഇവിടെ എത്താൻ. കാനനപാതയിലൂടെ മൂന്നു കിലോമീറ്ററോളം നടന്നാൽ അരുവിയുടെ മുകൾഭാഗത്തെത്താം. അവിടെയാണ് ഏറ്റവും വലിയ വെള്ളച്ചാട്ടം. ഏഴു തട്ടായാണ് വെള്ളം ഒഴുകിയെത്തുന്നത് . ഓരോ തട്ടിനും100 അടിയോളം ഉയരംവരും. അരുവി മുഴുവനായി ഒറ്റയടിക്ക് കാണാൻ കഴിയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഏറ്റവും മനോഹരമായ മുകൾഭാഗത്ത് ചെല്ലണമെങ്കിൽ മൂന്നു കിലോമീറ്ററോളം ദുർഘടപാത താണ്ടണം. മഴക്കാലത്ത് ഇവിടെ കാട്ടുമൃഗങ്ങളുടെ ആക്രമണവും ഭയക്കേണ്ടിവരും. എളുപ്പം എത്തിപ്പെടാവുന്ന  ഭാഗത്ത് ചെന്നാൽ മൂന്നു തട്ടുകളുടെ വെള്ളച്ചാട്ടം മാത്രമേ കാണാൻ സാധിക്കൂ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top