26 April Friday
സൂം വീഡിയോ കോൺഫറൻസ്

എല്ലായിടത്തും സാമൂഹ്യ അടുക്കള: മന്ത്രി കെ രാജു

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

 പത്തനംതിട്ട

കോവിഡ് 19 വ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അടിയന്തരമായി സാമൂഹ്യ അടുക്കള (കമ്മ്യൂണിറ്റി കിച്ചൺ) ഒരുക്കാൻ നിർദേശം നൽകിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ  രാജു പറഞ്ഞു. പത്തനംതിട്ട കലക്ടറേറ്റിൽ നടത്തിയ സൂം വീഡിയോ കോൺഫറൻസിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 
ചില പഞ്ചായത്തുകളിൽ സാമൂഹ്യ അടുക്കള  ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലയിൽ കുടുങ്ങിപോയവർക്കും ഹോട്ടൽഭക്ഷണം ലഭിക്കാത്തവർക്കും റോഡുകളിലും കടത്തിണ്ണകളിലും കഴിയുന്നവർക്കും ജീവിക്കാൻ പ്രയാസപ്പെടുന്നവർക്കും ഭക്ഷണം ലഭ്യമാക്കുന്നതിനാണ് സാമൂഹ്യ അടുക്കള ആരംഭിക്കുന്നത്.  ഇവിടെ ഉണ്ടാക്കുന്ന ഭക്ഷണം വിവിധ സന്നദ്ധ പ്രവർത്തകരിലൂടെ ആവശ്യക്കാരിൽ എത്തിക്കും. ഭക്ഷണം ആവശ്യമുള്ളവരുടെ എണ്ണം പഞ്ചായത്തുതലത്തിൽ കണക്കാക്കിയാണ്  ഉണ്ടാക്കുക. ജോലി ചെയ്യാനാകാതെ ബുദ്ധിമുട്ടുന്നവർക്കും ഭക്ഷണം എത്തിക്കണം. സാമൂഹ്യ അടുക്കളയ്‌ക്ക്‌ വേണ്ട  ഫണ്ട് പഞ്ചായത്ത് ഫണ്ടിൽ നിന്നോ സ്‌പോൺസർഷിപ്പ് വഴിയോ കണ്ടെത്താമെന്നും മന്ത്രി നിർദേശിച്ചു.
ലോക്ക് ഡൗണിന്റെ ഭാഗമായുള്ള പൊലീസ് ഇടപെടലിനെതിരേ എതിർപ്പ് പ്രകടിപ്പിക്കരുത്.അനാവശ്യമായി ആരും വാഹനങ്ങളുമായി പുറത്തിറങ്ങരുത്.  മദ്യഷോപ്പുകൾ അടച്ചിട്ടിരിക്കുന്നതിനാൽ വ്യാജമദ്യം ഉൽപാദനവും വിതരണവും നടക്കാൻ സാധ്യതയുള്ളതിനാൽ എക്‌സൈസ് വകുപ്പിനോട് പരിശോധന ശക്തമാക്കാൻ നിർദേശിച്ചിട്ടുണ്ട്. അവശ്യസാധനങ്ങളുമായി വരുന്ന വാഹനങ്ങളുടെ സഞ്ചാരത്തിന് ബുദ്ധിമുട്ടുണ്ടാകരുത്. കന്നുകാലി,- കോഴിത്തീറ്റ വിതരണത്തിനും തടസമുണ്ടാകരുത്.  കൊയ്ത്ത് നടക്കുന്ന സമയമായതിനാൽ കൊയ്ത്ത് യന്ത്രങ്ങൾ കൊണ്ടുവരുന്നതിനും ബുദ്ധിമുട്ടുണ്ടാകരുത്. മരുന്നുകൾ ആവശ്യമുള്ളവർക്ക് എത്തിച്ചുകൊടുക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി  പറഞ്ഞു. സൂം വീഡിയോ കോൺഫറൻസിൽ കലക്ടറേറ്റിൽ മന്ത്രിക്കൊപ്പം ആന്റോ ആന്റണി എംപി,  കലക്ടർ പി ബി നൂഹ് എന്നിവരും മറ്റു സ്ഥലങ്ങളിൽനിന്ന് എംഎൽഎമാരായ രാജു ഏബ്രഹാം, വീണാ ജോർജ്, കെ യു ജനീഷ്‌കുമാർ, പത്തനംതിട്ട നഗരസഭാ അധ്യക്ഷ റോസ്‌ലിൻ സന്തോഷ്, അടൂർ നഗരസഭ അധ്യക്ഷ ഷൈനി ബോബി, ആറന്മുള, റാന്നി പഴവങ്ങാടി, വടശേരിക്കര, പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റുമാർ, ഡിഎംഒ ഡോ. എ എൽ ഷീജ തുടങ്ങിയവരും പങ്കെടുത്തു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top