25 April Thursday
ലോക്ക്ഡൗൺ ലംഘിച്ചു

382 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
പത്തനംതിട്ട
ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന്‌ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി 382 പേരെ അറസ്റ്റ് ചെയ്‌തു. 353 കേസ്‌ രജിസ്റ്റർ ചെയ്യുകയും  250 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ അറിയിച്ചു. 
വീടുകളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അവഗണിച്ചതിന് എടുത്ത ആറു കേസുകളും ഇതിൽപ്പെടുന്നു. കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്‌ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിർദ്ദേശങ്ങളോട് പൂർണമായും സഹകരിക്കണമെന്ന സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ആഹ്വാനം ചെവിക്കൊള്ളാത്തവർക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്നും ജില്ലാപൊലീസ് മേധാവി വ്യക്തമാക്കി. 
 കൃത്യമോ യഥാർഥമോ അല്ലാത്ത ആവശ്യങ്ങളുടെ പേരിൽ യാത്ര അനുവദിക്കില്ല. ഇത്തരക്കാരെ നിയമനടപടികൾക്ക് വിധേയരാക്കും. അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട യാത്രകൾക്ക് തടസമുണ്ടാകില്ല. സാമൂഹ്യമായ ഇടപെടൽ ഒഴിവാക്കാൻ വ്യാപാര സ്ഥാപനങ്ങളിൽ വരുന്നവരും സ്റ്റാഫും നിർദ്ദിഷ്ട നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണം.  ക്വാറന്റൈനിൽ കഴിയുന്നവർ അത് ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നത് കർശനമായി നിരീക്ഷിക്കുകയും തടയുകയും ചെയ്യും. ഇത്തരക്കാർക്കെതിരെ കേസ്‌ രജിസ്റ്റർ ചെയ്യും. ലോക്ക് ഡൗൺ, നിരോധനാജ്ഞ ലംഘനങ്ങൾ തടയുന്നതിന് ജില്ലയിലെ പൊലീസിനെ മൂന്ന് ടേണുകളാക്കി 24 മണിക്കൂറും ലഭ്യമാകത്തക്കവിധം നിയോഗിച്ചിട്ടുണ്ട്. മുഴുവൻ സമയ വാഹനപരിശോധന കർശനമാക്കിയതായും വിവിധ സ്‌റ്റേഷൻ പരിധികളിൽ പിക്കറ്റുകൾ ഏർപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.  ജില്ലയെ ഏഴു  സബ് ഡിവിഷനുകളായി തിരിച്ച് ഓരോ ഡിവൈഎസ്‌‌പിമാരുടെ നിയന്ത്രണത്തിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അടൂർ, പത്തനംതിട്ട, തിരുവല്ല സബ് ഡിവിഷനുകളിൽ നിലവിലുള്ള ഡിവൈഎ‌സ്‌‌പിമാരും പുതുതായി തിരിച്ച കോന്നി സബ്ഡിവിഷനിൽ ക്രൈംബ്രാഞ്ച് ഡിവൈഎ‌സ്‌പി ആർ സുധാകരൻപിള്ളയും റാന്നി സബ്ഡിവിഷനിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി മുഹമ്മദ് കബീറും ആറന്മുള സബ്ഡിവിഷനിൽ വിജിലൻസ് ഡിവൈഎസ്‌‌പി ഹരിവിദ്യാധരനും ഏനാത്ത് സബ്ഡിവിഷനിൽ നാർകോട്ടിക് സെൽ ഡിവൈഎസ്‌‌പി ആർ പ്രദീപ് കുമാറും മേൽനോട്ടം വഹിക്കും. ജില്ലയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി സ്‌ട്രൈക്കിങ്‌ ഫോഴ്‌സിനേയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോവിഡ് 19 കൺട്രോൾ റൂമും എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം-112 എന്ന ടോൾ ഫ്രീ നമ്പരിലുള്ള കൺട്രോൾ റൂമും ജില്ലാ പൊലീസ് ആസ്ഥാനത്ത് പ്രവർത്തനസജ്ജമാണ്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top