19 April Friday

ചിരകാല സ്വപ്‌നം; ഇതാ പുനലൂർ – മൂവാറ്റുപുഴ 
സംസ്ഥാന പാത

പി അനൂപ്Updated: Saturday Feb 27, 2021

നിർമാണം പുരോഗമിക്കുന്ന പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാത

റാന്നി  > റാന്നിക്കാരുടെ ചിരകാല സ്വപ്‌നം സാക്ഷാൽക്കരിക്കയാണ്‌. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നിർമാണം അവസാനഘട്ടത്തിൽ.  റോഡ് നിർമാണത്തിനുണ്ടായ 20 വർഷത്തെ നീണ്ട കാത്തിരിപ്പിന്‌ പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ വിരാമമാകുകയായിരുന്നു. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യം അക്ഷരംപ്രതി ശരിയാണെന്ന് കാട്ടുന്ന വികസനപ്രവർത്തനങ്ങളാണ് റാന്നിയിൽ ഉണ്ടായത്. പുനലൂർ  – മൂവാറ്റുപുഴ സംസ്ഥാന പാത കൂടാതെ 20 വർഷത്തോളമായി മുടങ്ങിക്കിടന്ന പേരൂച്ചാൽ പാലം പൂർത്തീകരിച്ചത്‌, 30 വർഷത്തിന്‌ ശേഷം വെച്ചൂച്ചിറ പോളിടെക്‌‌നിക്കിന് സ്വന്തമായി കെട്ടിടം നിർമിച്ച് നൽകിയത്‌ എല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
 
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ വികസനം വർഷങ്ങൾക്കുമുമ്പേ പദ്ധതിയിട്ടതാണ്. എന്നാൽ, സ്ഥലമേറ്റെടുപ്പിലെ കാലതാമസം ഉൾപ്പെടെ പല കാരണങ്ങളാൽ നിർമാണം ആരംഭിക്കാൻ വൈകുകയായിരുന്നു. മൂവാറ്റുപുഴ മുതൽ തൊടുപുഴ വരെയുള്ള ഭാഗം അന്ന് എൽഡിഎഫ് സർക്കാർ മുൻകൈയെടുത്ത് നിർമാണം പൂർത്തിയാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തൊടുപുഴ മുതൽ പൊൻകുന്നം വരെയുള്ള ഭാഗം പുനരുദ്ധരിച്ചു എങ്കിലും പത്തനംതിട്ട ജില്ലയെ പൂർണമായും അവഗണിക്കുകയാണ് ഉണ്ടായത്. റോഡിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് രാജു എബ്രഹാം എംഎൽഎ നിരന്തരം നിയമസഭയിൽ സബ്‌മിഷനുകൾ ഉയർത്തിയിരുന്നു. എങ്കിലും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് അദ്ദേഹത്തിന്റെ ഈ ആവശ്യം ഗൗരവമായി പരിഗണിച്ചതും തുടർനടപടികൾ സ്വീകരിച്ചതും. എംഎൽഎയുടെ അഭ്യർഥനയെ തുടർന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിരവധി യോഗങ്ങൾ വിളിച്ചു ചേർക്കുകയും ലോക ബാങ്ക് അധികൃതരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. അങ്ങനെയാണ് പദ്ധതിയുടെ കാലാവധി കഴിഞ്ഞിട്ടും വീണ്ടും സമയം പുതുക്കി നിശ്ചയിച്ച് നിർമാണം ആരംഭിക്കാനുള്ള നടപടികൾ ലോകബാങ്ക് സ്വീകരിച്ചത്.
 
പുനലൂർ –- കോന്നി , കോന്നി - –- പ്ലാച്ചേരി,  പ്ലാച്ചേരി –- പൊൻകുന്നം എന്നിങ്ങനെ മൂന്ന് റീച്ചുകളായി തിരിച്ചാണ് നിർമാണ പ്രവൃത്തികൾ നടത്തിവരുന്നത് . റോഡിന്റെ വീതി കൂട്ടലും കലുങ്ക് നിർമാണവും ഓട നിർമാണവും വളവ് നിവർക്കലും  ഉൾപ്പെടെയുള്ള  പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. ഇവ പൂർത്തിയായ മണ്ണാറക്കുളഞ്ഞി മുതൽ മന്ദിരം വരെയുള്ള ഭാഗങ്ങളിൽ ടാറിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ ആരംഭിച്ചു. - 780 കോടി രൂപയാണ് ആകെ നിർമാണ ചെലവ്. ഈ കെ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കാണ് കോന്നി മുതൽ പ്ലാച്ചേരി വരെയുള്ള ഭാഗത്തിന്റെ  നിർമാണ ചുമതല.  പുനലൂർ  മുതൽ കോന്നി വരെ ആർ ഡി എസ് കമ്പനിക്കും പ്ലാച്ചേരി മുതൽ പൊൻകുന്നം വരെ ശ്രീധന്യ കൺസ്ട്രക്ഷൻസിനുമാണ് നിർമാണചുമതല.  കുടിവെള്ള പൈപ്പുകളും ഇലക്ട്രിക് പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നത്  നടന്നുവരികയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top