07 July Monday
നെല്ലാട്-–കല്ലിശ്ശേരി പാത മുറിക്കാൻ അനുമതി

കുടിവെള്ളം ഉടൻ എത്തും

സ്വന്തം ലേഖകൻUpdated: Saturday Nov 26, 2022

ജലവിതരണ പെെപ്പുകൾ പമ്പ് ഹൗസുമായി ബന്ധിപ്പിക്കാൻ റോഡ് മുറിക്കുന്നു

ഇരവിപേരൂർ
പൊതുമരാമത്ത്‌ വകുപ്പിന്റെ സാങ്കേതിക തടസ്സത്താൽ ഇരവിപേരൂർ പഞ്ചായത്തിൽ കുടിവെള്ളം മുടങ്ങിയ പ്രശ്നം  മന്ത്രിമാരായ വീണാ ജോർജ്, പി എ മുഹമ്മദ് റിയാസ്‌,  റോഷി അഗസ്റ്റിൻ എന്നിവർ ഇടപെട്ട്‌ പരിഹരിച്ചു. വാട്ടർ അതോറിറ്റിയുടെ തോട്ടപ്പുഴയിൽ നിന്നുള്ള ജലവിതരണമാണ് പിഡബ്ല്യുഡി റോഡ്സ് വിഭാഗത്തിന്റെ കടുംപിടുത്തം കാരണം നാലു മാസമായി  നിലച്ചത്. നെല്ലാട് - കല്ലിശ്ശേരി റോഡ് വീതിക്കൂട്ടി ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയ വേളയിൽ  ഇതുവഴിയുള്ള പഴയ ജലവിതരണ പൈപ്പുകൾ മാറ്റിയിരുന്നു. പുതിയ പമ്പിങ് ലൈൻ ഇട്ടെങ്കിലും തോട്ടപ്പുഴയിലെ പമ്പ് ഹൗസുമായി ബന്ധിപ്പിച്ചില്ല. 
നെല്ലാട് -കല്ലിശ്ശേരി റോഡിൽ തോട്ടപ്പുഴ പമ്പ് ഹൗസ് മുതൽ തോട്ടപ്പുഴ ജങ്‌ഷൻ വരെ 125 മീറ്റർ റോഡിന്റെ വശത്തെ  കോൺക്രീറ്റ് മുറിച്ചു വേണം ഇത്‌ ചെയ്യാൻ. ഇതിനുള്ള അനുമതി ലഭിക്കാഞ്ഞതായിരുന്നു പ്രശ്‌നം.  ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയ റോഡ്  ഒരു വർഷം കഴിഞ്ഞ് മാത്രമെ മുറിക്കാൻ അനുമതി നൽകു എന്ന് നിർദേശത്താൽ പ്രശ്‌ന പരിഹാരം നീണ്ടു.
അതോടെ പഞ്ചായത്തിലെ 10 മുതൽ 17 വരെയുള്ള വാർഡുകളിൽ പൂർണമായും ജലവിതരണം നിലച്ചു. ജില്ലയിലെത്തിയ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസിനെ പഞ്ചായത്ത് പ്രസിഡന്റ്  കെ ബി ശശിധരൻപിള്ള കുടിവെള്ളം മുടങ്ങിയത്‌ ശ്രദ്ധയിൽപ്പെടുത്തി. 
തുടർന്ന്‌  കേരള ജല അതോറിറ്റിയുടെ ജൽജീവൻമിഷൻ അവലോകനയോഗത്തിൽ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധയിലും സ്ഥലം എംഎൽഎ കൂടിയായ മന്ത്രി വീണാ ജോർജും പ്രശ്‌നം ധരിപ്പിച്ചു. തുടർന്നാണ് ജലവിഭവ മന്ത്രി  അടിയന്തരമായി റോഡ്‌  മുറിച്ച്‌ പദ്ധതി അടിയന്തിരമായി പൂർത്തിയാക്കാൻ വാട്ടർ അതോറിറ്റി തിരുവല്ല എക്സിക്യൂട്ടീവ് എൻജിനീയർക്കു നിർദ്ദേശം നൽകിയത്‌.  
പിഡബ്ല്യുഡിയിൽ നിന്നും റോഡ് മുറിക്കാൻ അനുമതിയും ഉടൻ ലഭിച്ചു. 125മീറ്റർ നീളത്തിലാണ് പാത മുറിക്കുന്നത്. ഒന്നര അടി വീതിയും, രണ്ടടി താഴ്ചയിൽ കുഴിയെടുത്താണ് 150 എംഎംഎംഎസ് പൈപ്പ്  സ്ഥാപിക്കുന്നത്. നിലവിൽ ഉണ്ടായിരുന്ന 1140 ഗാർഹിക കണക്ഷനു പുറമെ പുതിയതായി ജല ജീവൻ മിഷൻ പദ്ധതിയിൽ 445 കണക്ഷനും നൽകി. കുടിവെള്ള പ്രശ്‌നം  രൂക്ഷമായതോടെ  സിപിഐ എം ജില്ലാ നേതൃത്വവും, ഇരവിപേരൂർ ഏരിയ കമ്മിറ്റിയും, വള്ളംകുളം, ഇരവിപേരൂർ ലോക്കൽ കമ്മിറ്റിയും  പ്രശ്നപരിഹാരത്തിന് മന്ത്രിതലത്തിൽ ശ്രമിച്ചിരുന്നു. ഡിസംബർ 10 ഓടെ  കുടിവെള്ളം പുനസ്ഥാപിക്കാൻ സാധിക്കുമെന്ന് പുല്ലാട് ജല അതോറിറ്റി എ ഇ പ്രദീപ് കുമാർ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top