26 April Friday
തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021
പത്തനംതിട്ട 
കള്ളവോട്ടും വ്യാജ തിരിച്ചറിയൽ കാർഡും വിതരണം ചെയ്ത് തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പ്  അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സഹകരണ സംരക്ഷണ മുന്നണി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
ഇതിനകം എണ്ണായിരത്തോളം വ്യാജ തിരിച്ചറിയൽ കാർഡ് കണ്ടെത്തിയിട്ടുണ്ട്. ബാങ്ക്‌  പരിധിയിൽ വരുന്ന എഴുമറ്റൂർ, അയിരൂർ, കൊറ്റനാട്, കോട്ടാങ്ങൽ, ആനിക്കാട്, കല്ലൂപ്പാറ, പഞ്ചായത്തുകളിൽ വ്യാപകമായാണ് യുഡിഎഫ് കള്ളവോട്ട്‌ ചേർത്തിട്ടുള്ളത്.  ഇത്തരത്തിൽ  വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച്   കൈവശം വച്ചിട്ടുള്ളത്  ബാങ്ക് മുൻ പ്രസിഡൻറുമാരായ അഡ്വ. റെജി തോമസും അഡ്വ. കെ ജയവർമയുമാണെന്ന്   സഹകരണ സംരക്ഷണ മുന്നണി ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസും കൺവീനർ ജി അജയകുമാറും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റം​ഗം  ആർ സനൽകുമാറും വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
വോട്ടർപ്പട്ടികയിലെ വിലാസത്തിലോ നാട്ടിലോ ഇല്ലാത്ത എണ്ണായിരത്തോളം വ്യാജ വോട്ടർമാരെയാണ് സഹകരണ സംരക്ഷണ മുന്നണി പ്രവർത്തകർ ഇതിനകം കണ്ടെത്തിയത്. എന്നാൽ ഇതിലധികം  വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചതായാണ് അറിയുന്നത്. ആ​ഗസ്ത് 18ലെ ബോർഡ് യോ​ഗത്തിലെ തീരുമാനത്തിലൂടെ 741 അം​ഗങ്ങളെ പുതുതായി ചേർത്തു. ആനിക്കാട്, കല്ലൂപ്പാറ, എഴുമറ്റൂർ, അയിരൂർ, കൊറ്റനാട്, പഞ്ചായത്തുകളിലെ  വിലാസത്തിലാണ്  ഇവരെ ഉൾപ്പെടുത്തിയത്. ഇതിൽ കുറെ പേരുടെ പോസ്റ്റോഫീസോ, പഞ്ചായത്തോ  പോലും ലിസ്റ്റിലില്ല. 
ഇവരിൽ ഒരാൾ പോലും ബാങ്കിൽ  നിന്ന് വായ്പയെടുക്കുകയോ, പണം നിക്ഷേപിക്കുകയോ ചെയ്തിട്ടുമില്ല. വ്യാജ വോട്ടർമാരുടെ ലിസ്റ്റ് പഞ്ചായത്ത് അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ റിട്ടേണിങ്  ഒാഫീസർക്കും ബൂത്തുതല തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർക്കും നൽകുമെന്നും  മുന്നണി ഭാരവാഹികൾ പറഞ്ഞു.  
ബാങ്ക്  അഡ്മിനിസ്ടേറ്ററുടെ  ഭരണത്തിലാക്കിയതിൻറെ ഉത്തരവാദിത്തം യുഡിഎഫിനാണ്. കോവിഡ് കാരണം 2021 മെയ് മുതൽ ആറു മാസത്തേക്ക് സഹകരണ  സ്ഥാപനങ്ങളിലെ എല്ലാ തെരഞ്ഞെടുപ്പകളും മാറ്റി സർക്കാർ ജൂൺ ഒന്നിന് ഉത്തരവിറക്കി. എന്നാൽ തെരഞ്ഞെടുപ്പ് നടത്താൻ മുൻ ഭരണസമിതി തീരുമാനിച്ചു.  സഹകരണ സംഘം പത്തനംതിട്ട ജോയിൻറ് രജിസ്ട്രാർ ശുപാർശ  ചെയ്ത്  തെരഞ്ഞെടുപ്പ് കമീഷനും അയച്ചു.   അതോടൊപ്പം  ബാങ്ക് പ്രസിഡൻറ് തന്നെയാണ്  ഹൈക്കോടതിയിൽ ഹർജിയുമായി പോയത്. കോടതി  ഉത്തരവിനെ തുടർന്നാണ് അഡ്മിനിസ്ട്രേറ്ററെ നിയമിക്കാൻ ഇടയായതും.  യുഡിഎഫിൻറെ  വീഴ്ച മറയ്ക്കാനാണ് എൽഡിഎഫിനെതിരെ  പ്രചാരണം നടത്തുന്നത്. റിസര്‍വ് ബാങ്കിന്‍രെ  അനുമതിയില്ലാതെയാണ് സിഇഒയെ നിയമിച്ചതും.  
28ന് രാവിലെ എട്ടു മുതൽ വൈകിട്ട് നാലു വരെ ഇരവിപേരൂർ സെൻറ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും ഭാരവാഹികൾ അഭ്യർഥിച്ചു.   സിപിഐ എം ഇരവിപേരൂർ ഏരിയാ സെക്രട്ടറി  പി സി സുരേഷ് കുമാറും  വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top