29 March Friday
ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്തു

സർക്കാർ ജീവനക്കാരി ചമഞ്ഞ് 
ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022
പത്തനംതിട്ട 
ഹൈക്കോടതിയിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. സർക്കാർ ജീവനക്കാരി ചമഞ്ഞ് വ്യാജരേഖ ചമച്ചാണ്‌ തട്ടിപ്പ്‌. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഇടയപാടത്ത് കൃഷ്ണൻകുട്ടിയുടെ മകൾ സുരഭികൃഷ്ണയാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. അരുവിക്കര  ചെറിയകോന്നി പറക്കോണം  പ്രിൻസ് വിലാസത്തിൽ പ്രസാദ് മോസസ് (29) ആണ് പരാതിക്കാരൻ. 
ഹൈക്കോടതി സ്റ്റേനോഗ്രാഫർ ആണെന്ന് പറഞ്ഞ്  യുവാവിനെ ഫോണിൽ വിളിച്ച പ്രതി, അത്തരത്തിൽ പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഹൈക്കോടതിയിൽ ഓഫീസ് അസിസ്റ്റന്റായി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നായിരുന്നു വാഗ്‌ദാനം. പ്രിൻസിന്റെ പുല്ലാട് കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതിയുടെ അക്കൗണ്ടിലേക്ക് 2020 മേയ് 27ന് 9000 രൂപയും, ഒക്ടോബർ ഏഴിന് 3,45,250 രൂപയും, ഒരുലക്ഷം നേരിട്ടും വാങ്ങി. സഹോദരന്മാർക്കും സുഹൃത്തിനും ഡ്രൈവറുടെ ഒഴിവിലേക്ക് ജോലി തരപ്പെടുത്തി നൽകാമെന്ന്‌ വാക്കുനൽകി  1,50,000  രൂപയും അക്കൗണ്ടിലേക്ക് അയപ്പിച്ചു. ആകെ 5,95,250 രൂപ തട്ടിയെടുത്തു എന്ന കേസിൽ ജാമ്യമെടുത്തശേഷം മുങ്ങുകയായിരുന്നു. 
പ്രതിക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ വാടകവീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ജോലി ആവശ്യപ്പെട്ട യുവാവിന് അക്കൗണ്ടിൽ പണമില്ലാത്ത  6 ലക്ഷം രൂപയുടെ ചെക്ക് നൽകിയും, ജോലിയിൽ നിയമിച്ചതായുള്ള വ്യാജ നിയമന ഉത്തരവ്‌ ഒറിജിനൽ എന്ന് തോന്നിപ്പിക്കും വിധം വാട്സാപ്പ് വഴി അയച്ചുകൊടുത്തും പ്രതി വഞ്ചിച്ചു. ജോലി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ മുങ്ങിയ പ്രതിയെ കോയിപ്രം ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പിടികൂടിയത്‌. തിരുവല്ല ഡിവൈഎസ്‌പി  ടി രാജപ്പനാണ്‌ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. സംഘത്തിൽ എസ്ഐ അനൂപ്, ഉദ്യോഗസ്ഥരായ എം എ ഷെബി, സുജിത്, അഭിലാഷ് എന്നിവരും ഉണ്ടായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top