25 April Thursday
രൂക്ഷമായി വന്യമൃഗ ആക്രമണം

ഭയത്തോടെ മലയോരം

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

 റാന്നി

മുമ്പെങ്ങും ഇല്ലാത്തവിധത്തിൽ രൂക്ഷമായി വന്യമൃഗങ്ങളുടെ ആക്രമണം . ഭയന്നു വിറച്ച് മലയോര ജനത. കാടിനോട് ചേർന്ന് ഭാഗങ്ങൾ മാത്രമല്ല ടൗണിനോടടുത്ത ജനവാസ പ്രദേശങ്ങളിലും കാട്ടുമൃഗങ്ങളുടെ ആക്രമണം രൂക്ഷമായി.   വീട്ടിൽ നിന്നും  പുറത്തുപോയാൽ നേരം ഇരുത്തുന്നതിന് മുൻപ് വീട്ടിലെത്തേണ്ട സ്ഥിതിയിലാണ് ഇവിടുത്തുകാർ.സന്ധ്യയായാൽ പിന്നെ വീടിന് പുറത്തേക്ക് ഇറങ്ങാനും ഭയം.  
  റബർ ടാപ്പിങ് തൊഴിലാളികളും ക്ഷീരകർഷകരും മറ്റ്‌  കർഷകരും ഏറെ ഉള്ള മേഖലയിൽ ഇത് വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. കൃഷിയിൽനിന്നും പശു വളർത്തലിൽനിന്നും ഉള്ള വരുമാനമാണ് ഇവിടത്തുകാരുടെ പ്രധാന ജീവിതമാർഗം. സന്ധ്യയായാൽ തങ്ങളുടെ കന്നുകാലികൾക്ക് തീറ്റ കൊടുക്കാൻപോലും പുറത്തേക്കിറങ്ങാൻ കഴിയുന്നില്ല. മൃഗങ്ങളുടെ കരച്ചിലോ മറ്റോ കേട്ടാലും പുറത്തിറങ്ങാനാകില്ല. ടാപ്പിംഗ് തൊഴിലാളികൾക്ക് വെളുപ്പിനെ ഇറങ്ങി ജോലി ചെയ്യാനാകുന്നുമില്ല. 
കാട്ടുപന്നിയുടെ ആക്രമണമായിരുന്നു ഇതുവരെ വ്യാപകമായി ഉണ്ടായിരുന്നത്. ഇപ്പോൾ ഇതിന് പിന്നാലെ കാട്ടാനയും കാട്ടുപോത്തും പുലിയും അവസാനം കടുവയും എത്തിയിരിക്കുകയാണ്. ജനവാസ മേഖലയിലാണ് ഇവ ഇറങ്ങിയത് എന്നത് ആശങ്കകൾ ഇരട്ടിയാക്കുന്നു.
ഇതുപോലെ ഒരു വന്യമൃഗ ഭീഷണി മുമ്പെങ്ങും ഉണ്ടായിട്ടില്ല എന്ന് പ്രായമായവരും പറയുന്നു. 50, 60 വർഷങ്ങൾക്ക് മുമ്പ് പെരുനാട്, വടശ്ശേരിക്കര മേഖലകളിൽ മുഴുവൻ കൃഷിയായിരുന്നു. കാട്ടുപന്നിയുടെ ശല്യം പോലും വല്ലപ്പോഴുമേ ഉണ്ടാകാറുള്ളൂ.  വർഷത്തിൽ ഒന്നോ രണ്ടോ തവണ ആന ഇറങ്ങിയാലായി .കടുവായുടെയും പുലിയുടെയും കാര്യം കേട്ട് കേൾവി പോലുമില്ല. കാട്ടുപോത്തിന്റെ ആക്രമണവും ഉണ്ടായിട്ടില്ല. വന്യ മൃഗങ്ങളൊന്നും കാടിന് പുറത്തേക്ക് വരാറില്ലായിരുന്നു എന്നും അവർ പറയുന്നു.
എന്തുകൊണ്ടാണ് കാടിനുള്ളിൽ കിടക്കുന്ന വന്യമൃഗങ്ങൾ നാട്ടിൻപുറത്തേക്ക് ഇറങ്ങുന്നതെന്ന് പഠിക്കേണ്ടതാണെന്ന്‌   മുതിർന്നവർ പറയുന്നു. ഇത് പഠിച്ച് മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ നടപടി സ്വീകരിച്ചാൽ മാത്രമേ തുടർന്നുവരുന്ന ഈ വന്യമൃഗ ആക്രമണം ഭീഷണി ഇല്ലാതാവൂ എന്നാണ് ഇവർ പറയുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top