പത്തനംതിട്ട
വന്യമൃഗങ്ങൾ കാടിറങ്ങുന്നതിന് തടയിടാൻ വിശ്രമമില്ലത്ത പ്രവർത്തനങ്ങളുമായി ജില്ലാ ഭരണ കേന്ദ്രവും വിവിധ വകുപ്പുകളും. മലയോര മേഖലയിൽ വന്യ മൃഗങ്ങൾ എപ്പോൾ ഇറങ്ങുമെന്നത് പറയാൻ കഴിയില്ലെങ്കിലും സദാസജ്ജമായിരിക്കും വനം വകുപ്പും സർക്കാർ സംവിധാനങ്ങളും. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ രാവെന്നോ പകലെന്നോ ഇല്ലാതെയാണ് പ്രവർത്തനം. നാട്ടിലിറങ്ങി പരിഭ്രാന്തി പരത്തുന്ന മൃഗങ്ങളെ നേരിടാൻ കേന്ദ്ര നിയമങ്ങൾ അനുവദിക്കുന്നില്ലെങ്കിലും നിയമം വഴി സാധ്യമാകുന്നതെല്ലാം ചെയ്യുന്നുണ്ട് ഇവർ. കൂട് സ്ഥാപിക്കാൻ പോലും കേന്ദ്ര അനുമതി വേണമെന്നിരിക്കെ നിയങ്ങൾക്കുള്ളിൽ നിന്ന് ജനങ്ങളുടെ സുരക്ഷ ഒരുക്കുകയാണ് സർക്കാരും വിവിധ വകുപ്പുകളും.
ഇപ്പോഴിതാ വടശേരിക്കരയിലും പെരുനാട്ടിലും കടുവ ഇറങ്ങിയപ്പോഴും കൃത്യമായ ഇടപെടലുകളുമായി രംഗത്തുണ്ട് വനം വകുപ്പ്. കഴിഞ്ഞ ഒക്‌ടോബറിൽ കട്ടച്ചിറയിൽ കടുവ ഇറങ്ങിയത് മുതൽ അതിന് പിന്നാലെയാണിവർ. ഏത് പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായാലും നിമിഷങ്ങൾക്കിടയിൽ അവിടെയെത്തുന്ന തരത്തിൽ സജ്ജമാണ് വനം വകുപ്പ്. 24 മണിക്കൂർ പെട്രോളിങ് ഉൾപ്പെടെയായി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ബഥനിമലയിൽ കടുവ സാന്നിധ്യമറിയിച്ചപ്പോൾ തന്നെ വേണ്ട നടപടികൾ ആരംഭിച്ചിരുന്നു. പ്രത്യേക സംഘത്തിന്റെ പെട്രോളിങും കൺട്രോൾ റൂം ഉൾപ്പടെ വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. കടുവയെ പിടികൂടാൻ കൂടും സ്ഥാപിച്ചു. പ്രദേശത്ത് കാട് മൂടിയ തോട്ടങ്ങളിൽ അടിക്കാട് വെട്ടാൻ ഉത്തരവിറക്കി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ ഈ പ്രവർത്തികൾ നടന്ന് വരുന്നു.
വടശേരിക്കര ബൗണ്ടറിയിലും കുമ്പളത്താമ്മണ്ണിലും സമാന രീതിയിലാണ് ജനങ്ങൾക്ക് സംരക്ഷണമൊരുക്കുന്നത്. അവിടങ്ങളിൽ കുമ്പളത്താമണ്ണിലും കൂടുകളും സ്ഥാപിച്ചു. ഒരു മാസത്തിനിടയിൽ മൂന്ന് കൂടുകളാണ് സ്ഥാപിച്ചത്. പെട്രോളിങ് സംഘത്തിന് തോക്ക് നൽകിയിട്ടുണ്ട്. കടുവ മനുഷ്യനെ അക്രമിക്കുന്ന സാഹചര്യമുണ്ടായാൽ വെടിവെയ്‌ക്കാൻ നിർദേശമുണ്ട്. കടുവയെ മയക്ക് വെടിവെച്ച് പിടികൂടുന്നതിനായുള്ള അനുമതിയ്‌ക്കായി ഡിഎഫ്‌ഒ കത്ത് നൽകിയിട്ടുണ്ട്.
അക്രമത്തിൽ വളർത്ത് മൃഗങ്ങൾ നഷ്‌ടപ്പെട്ടവർക്ക് വീടുകളിലെത്തി നഷ്‌ടപരിഹാരവും നൽകി. എംഎൽഎ പ്രദേശത്ത് എത്തുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു. സർക്കാരും വകുപ്പും നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പേടിക്കേണ്ട സാഹചര്യമില്ലെന്ന വിശ്വാസം ഇവർക്കുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..