26 April Friday
ജൽജീവൻ മിഷൻ

വെള്ളമെത്തുന്നു

ശരൺ ചന്ദ്രൻUpdated: Sunday Mar 26, 2023

പത്തനംതിട്ട

ജില്ലയിൽ ജൽജീവൻ മിഷൻ മുഖേന ഒന്നര വർഷത്തിനുള്ളിൽ 2,25,245 കുടിവെള്ള കണക്ഷനുകൾ നൽകും. സംസ്ഥാനത്താകെ ഗ്രാമീണ മേഖലയിൽ 40 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകുന്നതിന്റെ ഭാഗമായാണിത്‌. പദ്ധതി പൂർത്തീകരണത്തിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ട്‌ പോകുന്നു. അപേക്ഷ നൽകുന്ന മുഴുവൻ കുടുംബങ്ങൾക്കും കണക്ഷൻ നൽകുന്ന തരത്തിലാണ്‌ പ്രവർത്തനം. 2,72,927 കണക്ഷനുകൾക്കാണ്‌ ജില്ലയിൽ ഭരണാനുമതി ലഭിച്ചിരുന്നത്‌. ഇതിൽ 47,644 കണക്ഷനുകൾ ഇതിനകം നൽകിക്കഴിഞ്ഞു. 2459.56 കോടി രൂപയുടെ പദ്ധതിയ്‌ക്കാണ്‌ ജില്ലയിൽ ഭരണാനുമതി.

2020–21ൽ 17,855 കണക്ഷനും 2021–22 ൽ 18,267 കണക്ഷനുമാണ്‌ നൽകിയത്‌. 2022–23 ൽ ഇതുവരെ 11,522 കണക്ഷനുകളാണ്‌ നൽകിയിരിക്കുന്നത്‌. സംസ്ഥാനത്താകെ 15,83,384 കണക്ഷനുകൾ നൽകിയിട്ടുണ്ട്‌. ജില്ലയിൽ ബാക്കിയുള്ള 2,25,245 കണക്ഷനുകളിൽ 3,203 കണക്ഷൻ നൽകിയിട്ടുണ്ട്‌. വെള്ളം എത്തിയാൽ മാത്രമേ പൂർത്തീകരിച്ച പട്ടികയിൽ ഉൾപ്പെടൂ. 

അടൂർ മണ്ഡലത്തിൽ 4154 കണക്ഷനുകളും തിരുവല്ല മണ്ഡലത്തിൽ 16,371 കണക്ഷനുകളും ആറന്മുള മണ്ഡലത്തിൽ 10,197 കണക്ഷനുകളുമാണുള്ളത്‌. കോന്നിയിൽ 3359ഉം റാന്നിയിൽ 13,563 കണക്ഷനുകളുമുണ്ട്‌. ജില്ലയിൽ ആകെ 3,58,119 ഗ്രാമീണ വീടുകളുണ്ടെന്നാണ്‌ കണക്ക്‌. ഇവയിൽ 85,230 വീടുകൾക്ക്‌ ജൽജീവൻ മിഷന്‌ മുമ്പുതന്നെ കുടിവെള്ള കണക്ഷനുണ്ടായിരുന്നു. നിലവിൽ ജില്ലയിൽ ആകെ 1,32,874 കണക്ഷനുണ്ട്‌. കേന്ദ്ര- സംസ്ഥാന സർക്കാർ പദ്ധതിയിൽ അമ്പത് ശതമാനം തുക സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. പദ്ധതിക്ക് ഇതുവരെ 2423.82 കോടിയാണ്‌ സംസ്ഥാനം ചെലവഴിച്ചത്‌. രണ്ടാം ഘട്ടമായി കഴിഞ്ഞ ദിവസം 538.76 കോടി രൂപയും അനുവദിച്ചു.  മഞ്ഞ, പിങ്ക് കാർഡുള്ളവർക്ക് ബിപിഎൽ കണക്ഷന് അപേക്ഷിക്കാനുള്ള തീയതി 31ന് അവസാനിക്കും. ഇവർക്ക് 15,000 ലിറ്റർ വെള്ളം വരെ സൗജന്യമായി ഉപയോഗിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top