20 April Saturday
മെഡിക്കൽ കോളേജ് റോഡ് വികസനം

വിട്ടുനല്കാത്തവരുടെ 
ഭൂമി ഏറ്റെടുക്കും

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

കോന്നി മെഡിക്കൽ കോളജ് റോഡ് വികസനം വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട്‌ 
അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തുന്നു

കോന്നി
റോഡുനിർമാണം വേഗത്തിൽ ആരംഭിക്കാൻ കഴിയത്തക്ക നിലയിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ. എംഎൽഎയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ  യോഗം ഇതിനായി  ചേർന്നു. വസ്തു ഏറ്റെടുക്കൽ വേഗത്തിൽ പൂർത്തിയാക്കുകയും ഇലക്ട്രിക്ക് പോസ്റ്റുകളും, കുടിവെള്ള പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കുകയും ചെയ്യും.
കോന്നി മുരിങ്ങമംഗലം ജങ്‌ഷൻ മുതൽ വട്ടമൺ വരെയും പയ്യനാമൺ മുതൽ വട്ടമൺ വരെയുമുള്ള 4.5 കിലോമീറ്റർ റോഡ് 12 മീറ്റർ വീതിയിലാണ് വികസിപ്പിക്കുന്നത്. 14 കോടിയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ഇരുവശങ്ങളിലും ഓടയും ഒൻപതുമീറ്റർ ടാറിങുമാണ്  വിഭാവനം  ചെയ്യുന്നത്.    
225 പേരുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിൽ 125 പേരുടെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി. ബാക്കിയുള്ളവയിൽ 40 പേരുടെ ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ആധാരം എഴുത്ത് ഓഫീസിലും ജില്ലാ ഗവൺമെന്റ് പ്ലീഡറുടെ ഓഫീസിലും  പുരോഗമിക്കുകയാണ്. തുക അനുവദിച്ചിട്ടും സ്ഥലത്ത് താമസം ഇല്ലാത്ത പത്തുപേരുടെ  ഭൂമിയുടെ രേഖകൾ അടിയന്തരമായി സംഘടിപ്പിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ എംഎൽഎ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
നിയമപരമായ അഭിപ്രായം ലഭിക്കുന്നതിനുവേണ്ടി ജില്ലാ ഗവൺമെന്റ് പ്ലീഡറുടെ ഓഫീസിൽ  ഉള്ള  ഫയലുകൾ തീർപ്പാക്കാൻ ഗവൺമെന്റ് പ്ലീഡറുടെയും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും സംയുക്ത യോഗം വിളിക്കും. നിരവധി തവണ അഭ്യർഥിച്ചിട്ടും  ഭൂമി വിട്ടു നൽകാൻ തയാറാകാത്തവരുടെ ഭൂമി ഏറ്റെടുക്കാൻ  കലക്ടർ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കും.  
കെഎസ്ഇബിയുടെ നിലവിലുള്ള മുഴുവൻ പോസ്റ്റുകളും മാറ്റി സ്ഥാപിക്കും.  വാട്ടർ അതോറിറ്റിയുടെ കോന്നി താഴം ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് ലൈനുകളും മാറ്റി സ്ഥാപിക്കേണ്ടി വരും. ഇതിന്‌ വിശദമായ എസ്റ്റിമേറ്റ് രണ്ടു ദിവസത്തിനകം  സമർപ്പിക്കാൻ  കേരളാ വാട്ടർ അതോറിറ്റി, കെഎസ്ഇബി അസി. എൻജിനീയർമാർക്ക് നിർദേശം നൽകി.യോഗത്തിൽ  കലക്ടർ ഡോ. ദിവ്യ എസ് അയ്യരും ഉദ്യോഗസ്ഥരും  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top