25 April Thursday
ലക്ഷങ്ങളുടെ തട്ടിപ്പ്

എസ്എൻ ചിട്ടി 
കമ്പനിക്കെതിരെ 
കേസ്

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021
തിരുവല്ല 
ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ചിട്ടിക്കമ്പനിക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. ചിട്ടിയുടെയും സ്ഥിര നിക്ഷേപത്തിന്റെയും പേരിൽ നിരവധി പേരിൽ നിന്നായി പണം തട്ടിയ തിരുവല്ല എസ്എൻ (ശ്രീനവോമി) ചിട്ടി ഫണ്ട് ആൻഡ്‌ ബാങ്കേഴ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് കേസെടുത്തത്. നിക്ഷേപങ്ങൾക്ക് 12 ശതമാനം പലിശ വാഗ്‌ദാനം ചെയ്ത് പണം തട്ടിയെടുത്തതായി മൂന്നുപേർ നൽകിയ പരാതിയിലാണ് ചിട്ടിക്കമ്പനി ഡയറക്‌ടർമാരായ സദാശിവൻ, വിശ്വനാഥൻ, ദിലീപ്, പ്രവീണ, രാജേന്ദ്രൻ, ദേവരാജൻ, ബ്രാഞ്ച് മാനേജർ പുരുഷോത്തമൻ എന്നിവർക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തത്. കവിയൂർ ഞാലിക്കണ്ടം ആവുങ്ങാട്ടിൽ വീട്ടിൽ ഗിഫ്റ്റി സാമുവൽ, പുല്ലാട് ഊരുകുന്നിൽ വീട്ടിൽ ഒ എ ഏബ്രഹാം, കുറ്റപ്പുഴ അണ്ണവട്ടം ലക്ഷ്മി ഭവനിൽ ലേഖ എന്നിവരുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നിക്ഷേപമായി നൽകിയ 15 ലക്ഷം രൂപയും പലിശയുമാണ് ഗിഫ്റ്റി സാമുവലിന് നഷ്‌ടമായത്. ഗിഫ്റ്റിയുടെ അമ്മ ലീലാമ്മ, സഹോദരി ജഫി എന്നിവരും അഞ്ചുലക്ഷം രൂപ വീതവും നിക്ഷേപം നടത്തിയിരുന്നു. ലീലാമ്മയ്‌ക്ക്‌ ചിട്ടിയിനത്തിൽ 3,75000 രൂപ ലഭിക്കാനുളളതായും പരാതിയിൽ പറയുന്നു. 2012 മുതൽ നാലു തവണകളായി അഞ്ചുലക്ഷം രൂപ വീതം നിക്ഷേപമായി കൈപ്പറ്റിയതായാണ് ഏബ്രഹാമിന്റെ പരാതിയിൽ പറയുന്നത്. മക്കളായ ഷിനോജ്, ഷിബു എന്നിവരിൽനിന്നും അഞ്ചുലക്ഷവും എട്ടുലക്ഷവും സ്വീകരിച്ച ശേഷം മുതലും പലിശയും തിരികെ നൽകിയില്ലെന്നും പരാതിയിലുണ്ട്. ലേഖയിൽനിന്നും 12 ശതമാനം പലിശ വാഗ്‌ദാനംചെയ്‌ത്‌ 12.5 ലക്ഷം രൂപയാണ് കമ്പനി തട്ടിയെടുത്തത്. ലേഖയുടെ സുഹൃത്ത് വിജയ കുമാരിയുടെ ഭർത്താവിൽ നിന്നും 12,20000 രൂപയും ചുമത്ര സ്വദേശി സുജ ഷാജിയുടെ പക്കൽനിന്ന് 232000 രൂപയും മാടുകുമൂട്ടിൽ ശിവദാസിൽ നിന്നും നിക്ഷേപമായി 980000 രൂപയും ചിട്ടിയിനത്തിൽ 190000 രൂപയും മക്കളുടെ പേരിൽ ചേർന്ന ചിട്ടിയിനത്തിൽ നൽകിയ 480000 രൂപയും തിരികെ ലഭിക്കാനുണ്ടെന്ന് പരാതിയിൽ പറയുന്നു. മുമ്പും നിരവധി പേർ പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് തിരുവല്ല ഹെഡ് പോസ്റ്റോഫീസിന് സമീപം പ്രവർത്തിക്കുന്ന ചിട്ടിക്കമ്പനിയുടെ ഓഫീസിന് മുമ്പിലെ ബോർഡ് അടക്കമുള്ളവ നീക്കംചെയ്‌ത നിലയിലാണ്. പരാതികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്‌തതായും സ്ഥാപന ഉടമകൾ ഒളിവിലാണെന്നും തിരുവല്ല സിഐ പി എസ് വിനോദ് പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top