പത്തനംതിട്ട
നവകേരള നിർമിതിയുടെ ഭാഗമായി സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാർ മണ്ഡലങ്ങളിൽ ഔദ്യോഗിക പര്യടനം നടത്തും. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് പര്യടനം. സമസ്ത മേഖലയിലെയും പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ചയും, മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസും നടത്തും. നവംബർ 18ന് കാസർഗോഡ് നിന്ന് ആരംഭിക്കുന്ന പര്യടനം ജില്ലയിൽ ഡിസംബർ 16, 17 തീയതികളിൽ നടക്കും. പരിപാടിയുടെ സമയക്രമവും മാർഗരേഖയും പൊതുഭരണ വകുപ്പ് പുറത്തിറക്കി.
ഡിസംബർ 16ന് ആലപ്പുഴ ജില്ലയിലെ പര്യടനം പൂർത്തിയാക്കി ജില്ലയിൽ പ്രവേശിക്കും. 16ന് വൈകിട്ട് ആറിന് തിരുവല്ല മണ്ഡലത്തിലാണ് ആദ്യ പരിപാടി. 17ന് രാവിലെ ഒമ്പതിന് നടക്കുന്ന പ്രഭാത യോഗത്തിൽ ജില്ലയിലെ പ്രധാന വ്യക്‌തികൾ പങ്കെടുക്കും. പകൽ 11ന് റാന്നി, പകൽ മൂന്നിന് ആറന്മുള, 4.30 കോന്നി, വൈകിട്ട് ആറിന് അടൂർ മണ്ഡലങ്ങളിൽ പര്യടനം എത്തും.
ജില്ലയിലെ മണ്ഡലങ്ങൾ പിന്നിട്ട് 18ന് കൊല്ലം ജില്ലയിൽ പ്രവേശിക്കും. പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്‌ണനാണ് പരിപാടിയുടെ സംസ്ഥാനതല കോ-ഓർഡിനേറ്റർ. ജില്ലയിൽ പരിപാടി വിജയകരമായി സംഘടിപ്പിക്കാനുള്ള ചുമതല മന്ത്രി വീണാ ജോർജിനാണ്. മന്ത്രിമാർ ഇല്ലാത്ത ജില്ലകളുടെ ചുമതല ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർക്കുമായിരിക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള ചുമതല ജില്ലാ കലക്‌ടർക്കാണ്. ഓരോ മണ്ഡലത്തിലും എംഎൽഎമാർ പരിപാടിക്ക് നേതൃത്വം നൽകും.
ഈ മാസം തന്നെ മണ്ഡലാടിസ്ഥാനത്തിൽ സംഘാടകസമിതി രൂപീകരിക്കും. പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും കർഷക തൊഴിലാളികളും മഹിളകളും യുവജനങ്ങളും വിദ്യാർഥികളും മുതിർന്ന പൗരന്മാരും അടങ്ങുന്ന മണ്ഡലം ബഹുജന സദസുകൾ ആസൂത്രണം ചെയ്യണമെന്ന് മാർഗരേഖയിൽ പറയുന്നു. മണ്ഡലം സദസിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടക്കും. സദസിൽ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികൾ, വിവിധ മേഖലകളിലെ പ്രമുഖർ, മഹിള–യുവജന–വിദ്യാർഥി വിഭാഗത്തിൽനിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർ, കോളജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി–പട്ടികവർഗ വിഭാഗത്തിലെ പ്രതിഭകൾ, കലാകാരൻമാർ, സാമുദായിക സംഘടനക നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പടങ്കെടുക്കും. നവംബർ 18ന് പകൽ 3.30ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..