17 December Wednesday
കടുവയിൽ നിന്നും രക്ഷപ്പെട്ടത് വിശ്വസിക്കാനാവാതെ റെജി

"വിറയൽ മാറിയിട്ടില്ല'

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023
റാന്നി 
കടുവയിൽ നിന്നും രക്ഷപ്പെട്ടത് ഇപ്പോഴും പൂർണമായി വിശ്വസിക്കാനാവുന്നില്ല ടാപ്പിങ് തൊഴിലാളിയായ റെജിയ്‌ക്ക്‌ . ബുധനാഴ്ച രാവിലെ 6.45 നാണ് വടശേരിക്കര ഒളികല്ല് മണിമലേത്ത് തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയായ വെച്ചുച്ചിറ നവോദയ ചൂരക്കാട് റെജി കടുവയെ കണ്ടത്. ഇതിനെക്കുറിച്ച് വിവരിക്കുമ്പോൾ തന്നെ റെജിയുടെ ശബ്ദം വിറയ്ക്കുകയാണ്‌.  കടുവ ഭീഷണി ഉണ്ടായതിനെ തുടർന്ന് നേരം പുലർന്നതിനുശേഷമേ തൊഴിലാളികൾ റബ്ബർ ടാപ്പിങ്ങിന് ഇറങ്ങാറുള്ളൂ. ഇവിടെ ടാപ്പിങ് ചെയ്യുന്ന തോട്ടത്തിൽ തന്നെ ആണ് റെജിയും കുടുംബവും താമസിക്കുന്നത്. 
ഈ തോട്ടം മേഖലയിൽ കുരങ്ങിന്റെ ശല്യം രൂക്ഷമായതിനാൽ ദിവസവും രാവിലെ ടാപ്പിങ്ങിന്‌  മുമ്പ് പടക്കം പൊട്ടിച്ച് ഇവയെ ഓടിക്കുന്ന പതിവുണ്ട്. പതിവു പോലെ പടക്കം പൊട്ടിക്കാൻ ശ്രമിക്കുമ്പോൾ കുരങ്ങ് അസാധാരണമായ ശബ്ദമുണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് തിരിഞ്ഞു നോക്കുമ്പോഴാണ് അസാമാന്യ വലിപ്പമുള്ള കടുവ പിന്നിൽ നിൽക്കുന്നത് കണ്ടത് . ഭയന്ന് വിറച്ച് തൊട്ടടുത്ത് കണ്ട റബർ  മരത്തിൽ വലിഞ്ഞു കയറാനാണ് തോന്നിയത്. വിറയ്ക്കുന്ന കൈകാലുകളുമായി  നാലടി ഉയരത്തിൽ കയറിയപ്പോഴേക്കും പിടിവിട്ട് താഴേക്ക് വീണു. ഇത് നോക്കിനിന്ന കടുവ പെട്ടെന്ന് മുരണ്ടു കൊണ്ട് റെജിയുടെ മേൽ ചാടി വീഴാൻ ആഞ്ഞപ്പോഴേക്കും തൊട്ടടുത്തുള്ള റോളർ പുരയോട് ചേർന്ന  കക്കൂസിൽ ഓടിക്കയറി കതകടച്ചു. ബഹളം കേട്ട് നാട്ടുകാരെല്ലാം ഓടിയെത്തിയപ്പോഴേക്കും കടുവ സ്ഥലം വിട്ടു. 
ഹൃദ്രോഗവും കരൾ സംബന്ധമായ രോഗവും ഉള്ള റെജിക്ക് ശാരീരികമായും മാനസികമായും വലിയ ആഘാതമാണ് കടുവയുടെ സാന്നിധ്യം ഉണ്ടാക്കിയത്. കാടെല്ലാം തെളിച്ച്‌ വൃത്തിയാക്കിയിട്ടിരുന്ന തോട്ടത്തിലാണ് കടുവയെ കണ്ടത്. ഇതിനടുത്താണ് കടുവയെ പിടിക്കാനായി കഴിഞ്ഞ ദിവസം കൂടുവെച്ചത് .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top