29 March Friday

മൽപ്പാനച്ചന്‌ ഇന്ന് അന്ത്യപ്രണാമം

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021

ഫാ.ഗീവർഗീസ് ചേടിയത്ത് ( മൽപ്പാനച്ചൻ )

കോഴഞ്ചേരി
മലങ്കര കത്തോലിക്ക സഭയിലെ അക്ഷരങ്ങളുടെ ആചാര്യന് (മൽപ്പാനച്ചൻ ) ഇന്ന് അന്ത്യപ്രണാമം. അതിരുങ്കൽ ദേവാലയത്തിൽ നടക്കുന്ന ചടങ്ങിൽ അവസാനമായി അദ്ദേഹം നാടിനോടും ദേവാലയത്തോടും വിടചൊല്ലും. വൈദികനായി, അധ്യാപകനായി, പ്രഭാഷകനായി, എഴുത്തുകാരനായി, ചരിത്രാന്വേഷിയും ഗവേഷകനുമായി സഭയ്ക്കും സമൂഹത്തിനും പ്രകാശം ചൊരിഞ്ഞ ഫാ.ഗീവർഗീസ് ചേടിയത്ത് ( മൽപ്പാനച്ചൻ -76) കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് വിട പറഞ്ഞത്.
വേദശാസ്ത്രം, വേദപുസ്തക പഠനങ്ങൾ, ദാർശനിക വ്യാഖ്യാനങ്ങൾ, സഭാ ചരിത്രം, പരിഭാഷകൾ തുടങ്ങിയ വ്യത്യസ്‌ത ശാഖകളിലായി 105 പുസ്തകങ്ങളും, നൂറുകണക്കിന് ലേഖനങ്ങളും രചിച്ചിട്ടുണ്ട്. ക്രൈസ്തവ സഭാപിതാക്കന്മാരെ സംബന്ധിക്കുന്ന പട്രോളജി എന്ന ദൈവശാസ്ത്ര ശാഖയെ മലയാളത്തിനു പരിചയപ്പെടുത്തിയത് ഫാ.ഡോ.ഗീവർഗീസ് ചേടിയത്ത് ആയിരുന്നു. ആദിമ ക്രൈസ്തവ സുറിയാനി, ഗ്രീക്ക് പാരമ്പര്യവേദപുസ്തക ഭാഷ്യങ്ങൾ മലയാളത്തിൽ എത്തിച്ചതിൽ മുഖ്യപങ്ക് ഇദ്ദേഹത്തിനുണ്ട്.നിരവധി ഭാഷകളിൽ അവഗാഹമായ ജ്ഞാനമുണ്ടായിരുന്നു.
എക്യുമെനിസത്തിലും ഇദ്ദേഹത്തിന്റെ സംഭാവന സമഗ്രമാണ്. വിവിധ മതസ്ഥരും, വ്യത്യസ്‌ത പ്രായക്കാരും ഉൾപ്പടെ അനേകരുമായി വിശാലമായ സ്നേഹ ബന്ധം സൂക്ഷിച്ച നല്ല ഇടയൻ. 
അതിരുങ്കൽ ചേടിയത്ത് പരേതനായ സി ജി ഡാനിയേൽ –-- സാറമ്മ ദമ്പതികളുടെ മകനായി പിറന്ന ഗീവർഗീസ് 1969 ലാണ് വൈദികനായത്‌.  റോമിൽനിന്ന്‌ പട്രോളജിയിൽ ഡോക്ടറേറ്റ് ലഭിച്ചു. മൈനർ സെമിനാരി റെക്ടർ, വേദശാസ്ത്ര വിഭാഗം റസിഡന്റ്‌ പ്രൊഫസർ, പത്തനംതിട്ട രൂപതാ ചാൻസിലർ തുടങ്ങിയ വിവിധ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  2015ൽ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് കർദ്ദിനാൾ ക്ലിമ്മീസ് കാതോലിക്കാ ബാവയാണ് മലങ്കര കത്തോലിക്കാ സഭയുടെ മല്പാനായി ഉയർത്തിയത്.
ലീലാമ്മ, മത്തായി, തങ്കച്ചൻ, തങ്കമ്മ, ഫാ.തോമസ് ചേടിയത്ത് ഒ ഐ സി ,സൂസമ്മ, സാംകുട്ടി എന്നിവർ സഹോദരങ്ങളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top