24 April Wednesday
ശുദ്ധീകരിക്കാൻ 20 ലക്ഷം

ഇരവിപേരൂരിൽ 1670 കിണർ 
ഉപയോഗശൂന്യമായി

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021
ഇരവിപേരൂർ 

കരകവിഞ്ഞ മണിമലയാർ മുക്കിയ ഇരവിപേരൂർ പഞ്ചായത്തിലെ 1670 കിണറുകൾ ശുദ്ധീകരിക്കാൻ 20 ലക്ഷം രൂപയുടെ പദ്ധതിയുമായി പഞ്ചായത്ത്. ഉരുൾപൊട്ടി കലങ്ങിമറിഞ്ഞ് വെള്ളത്തോടൊപ്പം എത്തിയ ചെളിയും മണ്ണും വീണ് മിക്ക കിണറുകളും ഉപയോഗശൂന്യമായി. പല കിണറുകളും ശുദ്ധീകരിക്കാതെ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. ചിലർ വെള്ളം വില കൊടുത്തു വാങ്ങി ഉപയോഗിക്കുന്നു. വെള്ളം കയറാത്ത കിണറുകളിൽ നിന്നും കോരി ഉപയോഗിക്കുന്നവരുമുണ്ട്. പഞ്ചായത്തിലെ ജനങ്ങൾ ശുദ്ധജലം കിട്ടാതെ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കാനാണ് അടിയന്തരമായി കിണറുകൾ ശുദ്ധീകരിക്കാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻ പിള്ള പറഞ്ഞു. കിണറുകളിൽ ഇപ്പോഴുള്ള വെള്ളം വറ്റിക്കുകയാണ് ആദ്യം ചെയ്യുന്നത്.  ചെളിയും മണ്ണും നീക്കി ക്ലോറിനേഷൻ നടത്തും. നൂറോളം കിണറുകൾ തകർന്നിട്ടുള്ളതായി പരാതി ലഭിച്ചിട്ടുണ്ട്. ഇവ സംരക്ഷിക്കാൻ ഒരു കിണറിനു 6000രൂപ നിരക്കിൽ സഹായം നൽകും. ഓരോ വാർഡിലും പഞ്ചായത്തംഗത്തിന്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ശുദ്ധീകരണം നടത്തുക. ഒരു കിണറിന് 1500 രൂപവരെ ചെലവാക്കുന്നതാണ് പദ്ധതി.3,7,11, വാർഡുകൾ ഒഴികെയുള്ള 14 വാർഡിലും വെള്ളം കയറിയിരുന്നു.  ശുദ്ധീകരണം ആദ്യഘട്ടം ശനിയാഴ്ച തുടങ്ങി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top