പത്തനംതിട്ട
ടാപ്പിങ് ജോലി ആയാസ രഹിതമായി ചെയ്യാൻ തൊഴിലാളികളെ സഹായിക്കുന്ന യന്ത്രത്തിന് പ്രചാരമേറുന്നു. ശ്രമകരവും സൂക്ഷ്‌മത ആവശ്യവുമായ ടാപ്പിങ് വളരെ എളുപ്പത്തിൽ സാധ്യമാക്കുകയാണ് ടാപ്പിങ് യന്ത്രം. പുറത്തിറങ്ങി രണ്ട് വർഷത്തിലധികമായെങ്കിലും തൊഴിലാളികൾക്കിടയിൽ യന്ത്രം പ്രചാരം നേടിയിരുന്നില്ല. ഇപ്പോൾ ഇതിന് സ്വീകാര്യതയേറുകയാണ്. യന്ത്രത്തിന്റെ വില തന്നെ ആദ്യം തൊഴിലാളികളെ ഇതിൽനിന്ന് അകറ്റി നിർത്താൻ കാരണമായി.
യന്ത്രം ഉപയോഗിച്ച് ടാപ്പ് ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചുള്ള അജ്ഞതയും പുത്തൻ രീതി പരീക്ഷിക്കാൻ തടസമായി. ഇത്തരത്തിലുള്ള തടസങ്ങൾ മാറി ഇപ്പോൾ തൊഴിലാളികളും തോട്ടം ഉടമകളും യന്ത്രം ടാപ്പിങ് പ്രോത്സാഹിപ്പിക്കുകയാണ്.
യന്ത്രത്തിന്റെ വിലയായിരുന്നു തൊഴിലാളികളെ ആദ്യഘട്ടത്തിൽ വാങ്ങുന്നതിൽനിന്ന് പിന്തിരിപ്പിച്ചിരുന്നത്. എന്നാൽ സർക്കാർ ഇടപെടലിലൂടെ സബ്‌സിഡി ഏർപ്പെടുത്തി വില കുറച്ചത് തൊഴിലാളികൾക്ക് ഗുണമായി. 30,000 രൂപ വില വരുന്ന യന്ത്രത്തിന് 50 ശതമാനം സർക്കാർ സബ്‌സിഡി നൽകുന്നതോടെ 15,000 രൂപയ്‌ക്ക് കർഷകരുടെ കയ്യിൽ എത്തുന്നു. ഇതോടെ കൂടുതൽ ആളുകൾ പുത്തൻ മാർഗത്തിലേയ്‌ക്ക് തിരിഞ്ഞു.
കത്തി ഉപയോഗിച്ചുള്ള ടാപ്പിങ്ങിനെ അപേക്ഷിച്ച് യന്ത്രംകൊണ്ട് വേഗത്തിൽ ടാപ്പ് ചെയ്യാം. ടാപ്പിങ്ങ് അറിയാത്തവർക്കും യന്ത്രം ഉപയോഗിച്ച് ചെയ്യാം. മരത്തിന്റെ തടിയിൽ കൊള്ളുമെന്നോ കായം വീഴുമെന്നോ പേടി വേണ്ട. കൃത്യമായ പട്ടകനത്തിൽ വെട്ടാൻ കഴിയുന്നതിനാൽ മരത്തിന്റെ ആയുസ് അഞ്ച് വർഷം അധികവും ലഭിക്കുന്നു. രണ്ട് മണിക്കൂർ ചാർജിൽ 800 മരങ്ങൾ വരെ യന്ത്രം ഉപയോഗിച്ച് ടാപ്പ് ചെയ്യാം. ഇത്തരത്തിൽ തൊഴിലാളികൾക്കും തോട്ടം ഉടമകൾക്കും ഒരുപോലെ ഗുണം ചെയ്യുന്ന ടാപ്പിങ് യന്ത്രങ്ങൾ ജില്ലയിൽ സജീവമാവുകയാണ്.
കുമ്പഴ ഹരിതശ്രീ ഫാർമേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിൽ ടാപ്പിങ് യന്ത്രം ഉപയോഗിക്കാൻ പരിശീലനം നൽകി. റബർ ബോർഡംഗം സി എസ് സോമൻ പിള്ള ഉദ്‌ഘാടനം ചെയ്‌തു. കമ്പനി ജീവനക്കാർ നേരിട്ടെത്തി കർഷകർക്കും തൊഴിലാളികൾക്കും പരിശീലനം നൽകി. സബ്‌സിഡി സംബന്ധമായ വിവരങ്ങൾ മേളാംപറമ്പിൽ ഏജൻസീസ് അധികൃതർ വിവരിച്ചു. ക്ലബ് പ്രസിഡന്റ് ചന്ദ്രനാഥൻ നായർ, ബാബു വെളിയത്ത്, വിജയൻ, തങ്കച്ചൻ എന്നിവർ സംസാരിച്ചു. പത്തനംതിട്ട
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..