പത്തനംതിട്ട
കഴിഞ്ഞ വർഷം ഇതേ സമയത്ത് നിറഞ്ഞുകിടന്ന ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് തീർത്തും താഴ്‌ന്ന നിലയിൽ. ദിവസവും മഴ പെയ്യുന്നുണ്ടെങ്കിലും ജലനിരപ്പ് ഉയരാൻ ആവശ്യമായ മഴ ലഭിക്കുന്നില്ല. കാലവർഷത്തിൽ കാര്യമായ മഴ ലഭിക്കാത്തതിനാൽ അണക്കെട്ടുകളിൽ ജലനിരപ്പ് തീർത്തും താഴ്‌ന്നിരുന്നു. എന്നാൽ പിന്നീട് പലപ്പോഴായി ചെറിയ മഴ ലഭിച്ചപ്പോൾ ജല നിരപ്പ് കുറച്ച് ഉയർന്നിട്ടുണ്ട്. നിലവിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് താഴ്‌ന്ന അവസ്ഥ തന്നെയാണ്. തുടർന്നും മഴ കാര്യമായി ലഭിച്ചില്ലെങ്കിൽ വെള്ളം ഇനിയും കുറയും. ഇത് വൈദ്യുതി ഉൽപ്പാദനത്തെ ഉൾപ്പടെ സാരമായി ബാധിക്കും.
കക്കി അണക്കെട്ടിൽ 965.9 മീറ്ററാണ് ശനിയാഴ്‌ച ജലനിരപ്പ്. കഴിഞ്ഞ വർഷം 976.34 മീറ്റായിരുന്നു ജലനിരപ്പ്. 234.25 എംസിഎം വെള്ളമാണ് നിലവിലുള്ളത്. സംഭരണശേഷിയുടെ 52.46 ശതമാനം മാത്രമാണിത്. കഴിഞ്ഞ വർഷം സംഭരണശേഷിയുടെ 81.21 ശതമാനം വെള്ളം അണക്കെട്ടിലുണ്ടായിരുന്നു. 4.2725 എംസിഎം ജലം അണക്കെട്ടിലേയ്‌ക്ക് ഒഴുകി എത്തുന്നു. 30 മില്ലിമീറ്റർ മഴ അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്ത് പെയ്‌തു. 0.4325 എംസിഎം വെള്ളം വൈദ്യുതി ഉൽപ്പാദനത്തിനായി പുറംതള്ളുന്നു. 0.6975 മെഗാ യൂണിറ്റ് വൈദ്യുതി ഉൽപ്പാദിച്ചു.
പമ്പ അണക്കെട്ടിൽ 967.8 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം 976.6 മീറ്റായിരുന്നു നിരപ്പ്. സംഭരണ ശേഷിയുടെ 12.78 ശതമാനമായ 3.98 എംസിഎം വെള്ളമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞ വർഷമിത് 46.65 ശതമാനമായിരുന്നു. 2.225 എംസിഎം ജലം ഒഴുകി എത്തുന്നു. അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശങ്ങളിൽ 40 മില്ലിമീറ്റർ മഴ പെയ്‌തു. മൂഴിയാറിൽ 187.45 മീറ്ററും മണിയാറിൽ 34 മീറ്ററുമാണ് ശനിയാഴ്‌ചത്തെ ജലനിരപ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..