പത്തനംതിട്ട
ഹർത്താലിന്റെ മറവിൽ  വീടുകളിലെത്താൻ കഴിയാതെ പ്രയാസമനുഭവിച്ചവർക്ക് പൊലീസ് തുണയായി.  വെള്ളിയാഴ്ച രാവിലെ   ഹർത്താൽ അനുകൂലികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആക്രമം തുടങ്ങിയതോടെ  പത്തനംതിട്ട കെഎസ്ആർസി സ്റ്റാൻഡിലെത്തിയ യാത്രക്കാരും വിഷമത്തിലായി. 
വിവിധ പ്രദേശങ്ങളിലേക്ക്  പോകാൻ ഡിടിഒയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി  സർവീസ്  രാവിലെ മുതൽ നടത്തിയിരുന്നു.  രാവിലെ ഒമ്പത് വരെ 37 സർവീസുകളാണ് വിവിധ മേഖലകളിലേക്ക്   യാത്രക്കാരുമായി പോയത്. ഒമ്പതോടെയാണ്ൽ  ബസുകൾക്ക് നേരെ കല്ലേറ് നടന്നതായി വാർത്ത പരന്നത്. ആദ്യം സ്റ്റേഷന് സമീപം കണ്ണങ്കരയിൽ  കോന്നിക്ക് പുറപ്പെട്ട ബസിന് നേരെ കല്ലേറുണ്ടായി. തുടർന്ന് കോന്നിയിൽ നിന്നും പന്തളത്ത് നിന്നും അക്രമ വാർത്ത വന്നു. അതോടെ യാത്രക്കാരുടെ ജീവൻ പന്താടാൻ തയ്യാറല്ലെന്ന് ഡിപ്പോ അധികൃതരും അറിയിച്ചു. 
 വിവരമറിഞ്ഞ്  അൽപ്പ സമയത്തിനകം പത്തനംതിട്ട സ്റ്റേഷനിൽ നിന്ന് പൊലിസുകാരെത്തി. ബസുകൾ വിടാൻ തയ്യാറെങ്കിൽ സംരക്ഷണം ഒരുക്കാമെന്ന് പൊലിസ്.  ഉടൻ തന്നെ വിവിധ മേഖലകളിലേക്ക് ബസുകളും തയ്യാറാക്കി.  സ്വകാര്യ ബസ് സ്റ്റാൻഡുകളിൽ കളികൾ യാത്രക്കാരെ  വിളിച്ച് കയറ്റുന്ന പോലെ പൊലീസുകാർ തന്നെ   യാത്രക്കാരെ വിളിച്ചു കയറ്റുന്നത് കാണാമായിരുന്നു. പത്തു  യാത്രക്കാർ എങ്കിലും  പോകാൻ ഉള്ള മേഖലകളിലേക്കെല്ലാം നിമിഷങ്ങൾക്കകം കോൺവോയ് അടിസ്ഥാനത്തിൽ സർവീസ് നടത്തി. 
ബംഗളൂരുവിൽ നിന്ന് കൈക്കുഞ്ഞുമായി എത്തിയ കുടുംബത്തിന് ആങ്ങമൂഴയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. ഇവർക്ക് മാത്രമായി ഈ റൂട്ടിൽ ബസ് വിടാതെ സ്വന്തം ചെലവിൽ സ്വകാര്യ വാഹനത്തിൽ ഇവരെ യാത്രയാക്കാൻ പത്തനംതിട്ട എസ്ഐ അസ്ഹർ ഇബ്നു മിർ സാഹിബ് മുൻകൈയെടുത്തു. പൊലിസിന്റെ സേവനം ഏവരുടെയും  പ്രശംസ പിടിച്ചുപറ്റി. 
ജില്ലയുടെ എല്ലാ മേഖലയിലും പൊലീസ് കനത്ത കാവലേർപ്പെടുത്തിയിരുന്നു. കോടതികൾ പതിവ് പോലെ പ്രവർത്തിച്ചു. സർക്കാർ ഓഫീസുകളിൽ  പകുതിയോളം ജീവനക്കാരെ ഉണ്ടായിരുന്നുള്ളൂ. സ്വകാര്യ ബസ് സർവീസ് മുടങ്ങിയതും വ്യാപക കല്ലേറ് മറ്റു ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതും ആളുകളെ പുറത്തിറങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. അക്രമം നടത്തി ജനങ്ങളെ ഭയപ്പെടുത്തി ഹർത്താൽ വിജയിച്ചെന്ന് വരുത്താനായിരുന്നു ഹർത്താൽ ആഹ്വാനം ചെയ്തവരുടെ ഉന്നമെന്ന് വ്യക്തം.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..