20 April Saturday

എസ്എഫ്ഐ ഒരുക്കുന്നു 
അവര്‍ പഠിക്കും... മിടുക്കരായി ....

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

 പത്തനംതിട്ട

ജില്ലയിലെ ആദിവാസി ഊരുകളിലെ വിദ്യാർഥികളുടെ പഠന മുന്നേറ്റത്തിന് കൈത്താങ്ങായി എസ്എഫ്ഐ. മുഴുവൻ ആദിവാസി ഊരുകളിലും കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ എസ്എഫ്ഐ വിതരണം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി അമൽ അബ്രഹാം, പ്രസിഡന്റ്  എസ് ഷൈജു  എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
ജില്ലയിലെ കലാലയങ്ങളിലെ വിദ്യാർഥികളിൽ  നിന്നാണ് ആദിവാസി ഊരുകളിലെ കുട്ടികൾക്ക്  ആവശ്യമായ പഠനോപകരണങ്ങൾ ശേഖരിക്കുന്നത്. നമുക്ക് ഒരുക്കാം,  അവർ പഠിക്കട്ടെ എന്ന മുദ്രാവാക്യത്തോടെ എസ്എഫ്ഐ സംസ്ഥാന തലത്തിൽ നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലെ അയ്യായിരത്തോളം വിദ്യാർഥികൾക്കും   മികച്ച വിദ്യാഭ്യാസത്തിന്  സഹായവുമായി  എസ്എഫ്ഐയുടെ പഠന വണ്ടികൾ ഊരുകളിൽ എത്തുക.  പദ്ധതിയുടെ ജില്ലാ  ഉദ്ഘാടനം 26ന് ആവണിപ്പാറയിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ നിർവഹിക്കും. 
ഒരു രൂപ ചലഞ്ചിലൂടെയും  ഒരു ബുക്ക് ചലഞ്ചിലൂടെയും  മറ്റു വിവിധ പദ്ധതികളുടെയും ആണ്  പഠനോപകരണങ്ങൾ സ്വരൂപിക്കുന്നത്.  പഠന വണ്ടിക്ക്  ക്യാമ്പസുകളിൽ  നിന്ന്  ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് എസ്എഫ്ഐ  ഭാരവാഹികൾ  പറഞ്ഞു.  രാഷ്ട്രീയ,  സംഘടനാ വ്യത്യാസമില്ലാതെ വിദ്യാർഥികളുടെ മാത്രമല്ല  അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണ ലഭിച്ചു. 
 അഞ്ചുവർഷമായി ഗവിയിലെ ആദിവാസി സ്കൂൾ എസ്എഫ്ഐ ഏറ്റെടുത്ത് വിദ്യാർഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ എത്തിച്ചിരുന്നു. അതിന്റെ  ചുവടുപിടിച്ചാണ് സംസ്ഥാനതലത്തിൽ   ഇത്തവണ പദ്ധതി   പ്രാവർത്തികമാക്കുന്നത്.   കുരുമ്പൻ മൂഴി, അടിച്ചിപ്പുഴ,  ഗവി, ആവണിപ്പാറ, മൂഴിയാർ, നിലയ്ക്കൽ, ളാഹ  ഉൾപ്പെടെ മുഴുവൻ ആദിവാസി ഊരുകളിലും  വിദ്യാർഥികൾക്ക്  എസ്എഫ്ഐ പഠന  സഹായം നൽകും. അതോടൊപ്പം 11 ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഊരുകളിൽ വായനശാല, സൗജന്യ ട്യൂഷൻ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, കുട നിർമാണമടക്കം  വിവിധ തൊഴിൽ പരിശീലനം  എന്നിവയും  ആരംഭിക്കും. ആദിവാസി വിദ്യാർഥികളിൽ  പഠനത്തിൽ മുന്നേറുന്നവർക്ക്  സ്കോളർഷിപ്പ് അടക്കമുള്ള പദ്ധതിയും എസ്എഫ്ഐ   ആവിഷ്കരിക്കും.   എസ്എഫ്ഐ  ജില്ലാ ജോയിന്റ് സെക്രട്ടറി  കെ ആർ രഞ്ജു, ജില്ലാ സെക്രട്ടറിയറ്റം​ഗം ആയിഷ മിന്നു  സലിം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top