29 March Friday

പദ്ധതിയിൽ ഇടംപിടിച്ച്‌ 
കോഴഞ്ചേരിയും മല്ലപ്പള്ളിയും

ബാബു തോമസ്Updated: Tuesday May 24, 2022

കോഴഞ്ചേരി

നഗരാധുനീകവൽക്കരണ പദ്ധതിയിൽ കോഴഞ്ചേരിയും. പിഡബ്ല്യൂഡി ഡിസൈനിങ്‌ ഇൻവെസ്റ്റിഗേഷൻ ടീം പഠനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ 20 നഗരങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. ജില്ലയിൽ ആറൻമുള മണ്ഡലത്തിലെ കോഴഞ്ചേരിയും തിരുവല്ല മണ്ഡലത്തിലെ മല്ലപ്പള്ളിയിലും പഠനം ആരംഭിച്ചിട്ടുണ്ട്. 

ഗതാഗത സ്തംഭനം രൂക്ഷമായ പ്രദേശങ്ങളാണ് ഗതാഗതമുൾപ്പടെ നഗര നവീകരണ പ്രവർത്തികൾക്കായി തെരഞ്ഞെടുക്കുക.2022-2–-23 ബജറ്റിൽ ഇതിനായി കിഫ്ബി മുഖേന 200 കോടി വകയിരുത്തിയിരുന്നു.

ജങ്‌ഷനുകളിലെ ശ്വാസം മുട്ടിക്കുന്ന കുരുക്ക്  അപകടങ്ങൾക്ക്‌ വഴിവയ്ക്കും. ഇതിന് ഏത് രൂപത്തിലുള്ള പരിഹാരമാണ് വേണ്ടത് എന്നതാണ് പഠനത്തിലൂടെ കണ്ടെത്തുക. 

റൗണ്ട് എബൗട്ട്, ഓവർ ബ്രിഡ്ജ്, പാർക്കിങ്‌ സംവിധാനങ്ങൾ അടക്കം നഗരത്തിലെ തിരക്ക് ഒഴിവാക്കി ജനസമൂഹത്തിന് സുഗമമായ സഞ്ചാര സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. പിഡബ്ല്യൂഡി ഡിസൈൻ ഇൻവെസ്റ്റിഗേഷൻ ആൻഡ്‌ ക്വാളിറ്റി കൺട്രോൾ ലബോറട്ടറി എക്സിക്യൂട്ടീവ് എഞ്ചിനിയർ ജെ സീനത്തിന്റെ മേൽനോട്ടത്തിൽ അസിസ്റ്റന്റ്‌

എക്സിക്യൂട്ടീവ് എഞ്ചിനിയർ പി എസ് ഷിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പഠനത്തിന് നേതൃത്വം നൽകിയത്. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയുളള വാഹന ഗതാഗതമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷ, കാർ, വലിയ വാഹനങ്ങൾ എന്നിവ 12 മണിക്കൂറിനുള്ളിൽ എത്ര വീതമാണ് കടന്നു പോകുക എന്നതാണ് സംഘം ആദ്യം പരിശോധിക്കുക. തുടർന്നാണ് ഡിസൈനിങ്‌ വിങ്‌ പദ്ധതി തയ്യാറാക്കുന്നത്.

മാരാമൺ, ചെറുകോൽപ്പുഴ കൺവൻഷനുകൾ, ആറൻമുള വള്ളംകളി തുടങ്ങി ജനലക്ഷങ്ങൾ ഒഴകി എത്തുന്ന പ്രദേശങ്ങളുടെ ആതിഥേയ നഗരം പലപ്പഴും ഗതാഗത സ്തംഭനം കൊണ്ട് വീർപ്പുമുട്ടാറുണ്ട്.ഇതിനു പരിഹാരമായിട്ടാണ് മന്ത്രി വീണാ ജോർജിന്റെ അഭ്യർഥന പ്രകാരം പുതിയ പദ്ധതിയിൽ മുഖ്യമന്ത്രി കോഴഞ്ചേരിയും ഉൾപ്പെടുത്തിയത്.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top