05 December Tuesday
മുളക്‌ കൃഷിയുമായി കുടുംബശ്രീ

എരിവിന്‌ ചില്ലി വില്ലേജ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

ചില്ലി വില്ലേജ്‌ പദ്ധതിയുടെ ഭാഗമായി നടന്ന ജില്ലാ പരിശീലനത്തിൽ നിന്ന്

 പത്തനംതിട്ട

വിഷാംശം കലരാത്ത മുളകും മുളക്‌ പൊടിയും വിപണിയിലെത്തിക്കാനൊരുങ്ങി കുടുംബശ്രീ ജില്ലാ മിഷൻ. ഇന്ന്‌ കൃഷി ചെയ്യുന്ന കാർഷിക വിളകളിൽ ഏറ്റവും കൂടുതൽ അവശിഷ്‌ട വിഷാംശം കണ്ടെത്തിയിരിക്കുന്നത്‌ മുളകിലാണ്‌. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മുളക്‌ കഴുകി പൊടിച്ചാലും അവശിഷ്‌ട വിഷാംശം നിലനിൽക്കും. ഇത്തരത്തിൽ മനുഷ്യാരോഗ്യത്തിന്‌ ഹാനികരമായേക്കാവുന്ന വിഷം കലർന്ന മുളകിനോട്‌ വിട പറയാനൊരുങ്ങുകയാണ്‌ ജില്ലയിലെ കുടുംബശ്രീ. ഇതിനായി കുടുംബശ്രീ നേതൃത്വത്തിൽ ജില്ലയിൽ മുളക്‌ കൃഷി ആരംഭിക്കുന്നു. ചില്ലി വില്ലേജ്‌ എന്ന നൂതന പദ്ധതിയുടെ ഭാഗമായാണ്‌ ജില്ലയിൽ മുളക്‌ കൃഷി ആരംഭിക്കുന്നത്‌.
നിലവിൽ സംസ്ഥാനത്തെത്തുന്ന വറ്റൽ മുളക്‌  അന്യസംസ്ഥാനങ്ങളിൽ വിളയുന്നവയാണ്‌. പലപ്പോഴും ഇവയുടെ ഗുണനിലവാരം പ്രതീക്ഷിക്കുന്നതിലും താഴെയായിരിക്കും. യാതൊരു ക്രമീകരണങ്ങളുമില്ലാതെ തീർത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്‌ അന്യ സംസ്ഥാനങ്ങളിൽ വറ്റൽ മുളക്‌ സംസ്‌കരിക്കുന്നത്‌. ഇതിന്‌ പരിഹാരമെന്ന നിലയിൽ പരിസ്ഥിതിസൗഹൃദ എൻജിനീയറിങ് ഉപയോഗപ്പെടുത്തി പ്രത്യേക പദ്ധതിയായാണ്‌ ചില്ലി വില്ലേജ്‌ നടപ്പാക്കുന്നത്‌. ജില്ലയിലാകെ 20 സംരംഭക ഗ്രൂപ്പുകളിലായി മുളക്‌ കൃഷി ആരംഭിക്കാനാണ്‌ ശ്രമം. 
നാട്ടിൽ പരിചിതമല്ലാത്ത കാശ്‌മീരി, പിരിയൻ മുളക്‌ തൈകൾ ഗ്രൂപ്പുകൾക്ക്‌ ലഭ്യമാക്കി കൃഷി ആരംഭിക്കും. രണ്ട്‌ സംരംഭകരെ സജ്ജരാക്കി മുളക്‌ സംഭരിച്ച്‌ പൊടിയാക്കി കുടുംബശ്രീ ഉൽപ്പന്നമായി വിപണിയിലെത്തിക്കും. ഇങ്ങനെ കീടനാശിനിരഹിത മുളക്‌ പൊടി ജനങ്ങളിൽ എത്തിക്കുകയാണ്‌ ലക്ഷ്യം. ഇതിനായി ജില്ലാ പഞ്ചായത്ത്‌ നൂതന പദ്ധതിയായി 15 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്‌.
പദ്ധതി തുടങ്ങാൻ 50,000 തൈകൾ കുടുംബശ്രീ നേതൃത്വത്തിൽ വളർത്തി. ആകെ 20 സിഡിഎസുകളിലായി രണ്ട്‌ ഹെക്‌ടറിൽ കൃഷി ആരംഭിക്കാനാണ്‌ തീരുമാനം. ആദ്യ ഘട്ടത്തിൽ കൊടുമൺ, പള്ളിക്കൽ, കടമ്പനാട്‌, പന്തളം തെക്കേക്കര, കടപ്ര, റാന്നി അങ്ങാടി, ഓമല്ലൂർ, പ്രമാടം, മലയാലപ്പുഴ, കോയിപ്രം എന്നീ 10 സിഡിഎസുകളിലാണ്‌ പദ്ധതി ആരംഭിക്കുക. രണ്ടാം ഘട്ടത്തിൽ കലഞ്ഞൂർ, ഏനാദിമംഗലം, കൊറ്റനാട്‌, കുളനട, പെരിങ്ങര, വടശേരിക്കര, ചെറുകോൽ, അരുവാപ്പുലം, മൈലപ്ര, പുറമറ്റം സിഡിഎസുകളിലും കൃഷി നടത്തും. സെർവെന്റർ, ആമർ എന്നീ ഇനത്തിൽപ്പെട്ട മുളകാണ്‌ കൃഷി ചെയ്യുക.
ചില്ലി വില്ലേജ്‌ പദ്ധതിയിലൂടെ വിളയിക്കുന്ന വിഷരഹിത മുളക്‌ പൊടിച്ച്‌ ജില്ലയിലാകെ ലഭ്യമാക്കാനാണ്‌ കുടുംബശ്രീ ശ്രമം. പദ്ധതിയുടെ ജില്ലാ പരിശീലനം ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിജി മാത്യു ഉദ്‌ഘാടനം ചെയ്‌തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്‌ ആദില പദ്ധതി വിശദീകരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്‌ടർ കെ എസ്‌ പ്രദീപ്‌കുമാർ ക്ലാസ്‌ നയിച്ചു. എഡിഎംസി ഇന്ദു, ഡിപിഎം സുഹാന, സിഡിഎസ്‌ ചെയർപേഴ്‌സൺമാർ, ഗ്രൂപ്പ്‌ അംഗങ്ങൾ, അഗ്രി സിആർപി, ബ്ലോക്ക്‌ കോർഡിനേറ്റർമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top