പത്തനംതിട്ട
സൊസൈറ്റിയിൽനിന്ന് ലക്ഷക്കണക്കിന് രൂപ വായ്പ എടുത്തവർ അത് തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സൊസൈറ്റി ഭാരവാഹികൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ജില്ലാ മോട്ടോർ ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് സോഷ്യൽ വെൽഫെയർ കോ -ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .
ഒരു ഓഡി റ്റ് റിപ്പോർട്ടിലും സംഘം പ്രസിഡന്റും സെക്രട്ടറിയും അഴിമതി നടത്തിയതായി പറയുന്നില്ല. വാഹനം പണയപ്പെടുത്തി കോടികൾ എടുത്തെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. സംഘത്തിന്റെ പേരിലുള്ള വാഹനങ്ങളെല്ലാം സംഘം മെമ്പർമാരുടെ കൈവശം തന്നെയാണ്. പിന്നെ എങ്ങനെയാണ് വാഹനം പണയപ്പെടുത്തി പണം വാങ്ങുന്നതെന്ന് സംഘം പ്രസിഡന്റ് ഷിജു ഏബ്രഹാം ചോദിച്ചു.
സംഘത്തിൽ ആർക്കും സ്ഥിരം നിയമനമില്ല. ഇല്ലാത്ത നിയമനത്തിന്റെ പേരിൽ ലക്ഷങ്ങൾ വാങ്ങി എന്ന് പറയുന്നത് ആക്ഷേപിക്കാനാണ്. സംഘത്തിലെ എല്ലാ ഇടപാടുകൾക്കും രസീത് നൽകിയിട്ടുണ്ട്.
ബോർഡ് മെമ്പറായ രാധാമണിയുടെ മകൻ ജയകൃഷ്ണൻ സംഘത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. ഇദ്ദേഹം സംഘത്തിലെ പല കടലാസുകളിലും തിരിമറി നടത്തിയിട്ടുണ്ട്. ചില ബില്ലുകൾ മനപ്പൂർവം നശിപ്പിച്ചു കളയുകയും പാസ്ബുക്കുകൾ അടക്കം ഇല്ലാതാക്കുകയും ചെയ്തു. ഇത് അന്വേഷണത്തിൽ പുറത്തുവരുമെന്ന് മനസ്സിലാക്കിയാണ് ഭാരവാഹികൾക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു .
സംഘത്തിന്റെ ഡ്രൈവിങ് സ്കൂൾ ലൈസൻസോടെയാണ് പ്രവർത്തിക്കുന്നത്. ആരോപണം ഉന്നയിച്ചവർ സ്കൂൾ പൂട്ടിക്കാൻ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്റ്റോപ്പ് മെമ്മോ കിട്ടിയത്. എന്നാൽ പോരായ്മകളെല്ലാം പരിഹരിച്ച് ലൈസൻസോടെ തന്നെയാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
ചില രാഷ്ട്രീയ പാർട്ടിയുടെ പിൻബലത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്ന് സംശയമുണ്ട്. ഇവരുടെ നിരന്തര പരാതികളുടെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് സൊസൈറ്റിയെ സംബന്ധിച്ച അന്വേഷണം നടത്തുന്നു. അന്വേഷണം അവസാന ഘട്ടത്തിലാണ്. അന്വേഷണം തീരാതെ റിപ്പോർട്ടും പ്രസിദ്ധീകരിച്ചിട്ടില്ല. പിന്നെങ്ങനെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത് .
സൊസൈറ്റിയെ ജനമധ്യത്തിൽ അവഹേളിക്കാനും ഭാരവാഹികളെ അപമാനിക്കാനും മനപ്പൂർവം കെട്ടിച്ചമച്ച വ്യാജവാർത്തകളാണ് ഒരു സംഘം നടത്തിയതെന്ന് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. സഹകരണവകുപ്പിന്റെ അന്വേഷണത്തിൽ കുറ്റക്കാരുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കണം. അതിനുശേഷം വ്യാജ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.
വൈസ് പ്രസിഡന്റ് എം നിഷാദ്, സെക്രട്ടറി മാത്യു ഏബ്രഹാം, ബോർഡംഗങ്ങളായ അനിൽകുമാർ, മെമ്പർമാരായ പി ആർ സോമൻ പിള്ള, ആശ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..