കോന്നി
മണ്ഡലത്തിലെ രണ്ട് സ്കൂൾ ലാബുകളുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ കലഞ്ഞൂർ, ചിറ്റാർ ഗവ. ഹയർസെക്കൻഡറി സ്കൂളുകളുടെ ലാബുകൾ നവീകരിക്കണമെന്ന് സ്കൂൾ സന്ദർശിച്ച വേളയിൽ ആവശ്യമുയർന്നിരുന്നു. തുടർന്ന് വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി ലാബുകൾ ആധുനികവൽക്കരിക്കാനാണ് ഇപ്പോൾ 50 ലക്ഷം രൂപ വീതം രണ്ട് സ്കൂളുകൾക്ക്അനുവദിച്ചിട്ടുള്ളത്.
എത്രയും പെട്ടെന്ന് നടപടി പൂർത്തീകരിച്ച് നവീകരിച്ച ലാബുകൾ വിദ്യാർഥികൾക്ക് തുറന്നുകൊടുക്കാനാവശ്യമായ ഇടപെടൽ നടത്തുമെന്ന് എംഎൽഎ പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിൽ ഭൗതികസാഹചര്യങ്ങളുടെ വികസനത്തിൽ വിപ്ലവകരമായ മാറ്റമാണ് കഴിഞ്ഞ ഏഴ് വർഷമായി കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്നത്. സ്കൂൾ കെട്ടിടങ്ങളും ക്ലാസ് മുറികളും അനുബന്ധ സംവിധാനങ്ങളുമെല്ലാം ലോകോത്തര നിലവാരത്തിലേക്കുയർന്നു. ലാബ് നവീകരണത്തിന് തുക അനുവദിച്ച എൽഡിഎഫ് സർക്കാറിനും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കും മണ്ഡലത്തിലെ ജനങ്ങളുടെ നന്ദി അറിയിക്കുന്നതായി എംഎൽഎ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിക്കായി കോന്നി മണ്ഡലത്തിൽ തനതായി നടപ്പിലാക്കുന്ന 'ഉയരെ' പദ്ധതിക്ക് ഇത് കൂടുതൽ ഊർജ്ജമേകുമെന്നും എംഎൽഎ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..