25 April Thursday

കഥകളിക്കൊപ്പം മാറുന്നു ഗ്രാമം

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023
കോഴഞ്ചേരി 
രാജ്യത്താദ്യമായി ഒരു നാടിന്‌ അതിന്റെ സാംസ്‌കാരിക പ്രാധാന്യമനുസരിച്ച്‌ പേര്‌ ലഭിക്കുകയാണ്‌. കലാകാരൻമാരെ കൂടാതെ ഏറ്റവും കൂടുതൽ ആസ്വാദകരുമുള്ള ഗ്രാമത്തിന്‌ "കഥകളി ഗ്രാമം' എന്നല്ലാതെ വേറെ പേരില്ല. അയിരൂരിലെ കഥകളി കലാകാരൻമാർക്കും ആസ്വാദകർക്കുമുള്ള അംഗീകാരമാണ്‌ ഈ പേര്‌. ഇത്‌ 200 വർഷത്തെ പാരമ്പര്യത്തിന്‌ ലഭിച്ച അംഗീകാരം. 
ഇനി റവന്യു രേഖകള്‍ ഉള്‍പ്പെടെ എല്ലാത്തിലും ഈ നാടിനി "കഥകളി ഗ്രാമം' എന്നറിയപ്പെടും. അയിരൂര്‍ സൗത്ത് തപാല്‍ ഓഫീസിന്റെ പേരും കഥകളി ഗ്രാമം പി ഒ എന്നാകും. 
400 വർഷം മുമ്പ്‌ ക്ഷേത്ര കലയായ കഥകളി കൊട്ടാരക്കരയിൽ രൂപംകൊള്ളുമ്പോൾ രാമനാട്ടമായിരുന്നു. കൊട്ടാരക്കര തമ്പുരാനായിരുന്നു ഉപജ്ഞാതാവ്. രാമനാട്ടം കഥകളിയായി മാറിയശേഷമാണ് അയിരൂർ ഗ്രാമത്തിന്റെ ഭാഗമാകുന്നത്. തുടക്ക കാലത്തു പ്രായമായവർക്ക്  വൈകിട്ട്‌ വട്ടം പറഞ്ഞിരിക്കാനും ആസ്വദിക്കാനുമായി കണ്ടിരുന്ന കഥകളി ഇപ്പോൾ ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളുടെയും ആസ്വാദന കലയായി മാറിയത് ചരിത്രം. സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതൽ കഥകളി ആസ്വദിക്കുന്ന കേരളത്തിലെ ഏക ഗ്രാമമാണിത്‌. 
1995ല്‍ അയിരൂര്‍ കേന്ദ്രമാക്കി ജില്ലാ കഥകളി ക്ലബ്ബ് രൂപീകരിച്ചശേഷം എല്ലാ വര്‍ഷവും ജനുവരി ആദ്യവാരം നടത്തുന്ന കഥകളിമേള ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. പതിനായിരത്തോളം കഥകളി ആസ്വാദകര്‍ പങ്കെടുക്കുന്നു. ഈ വർഷം നടന്ന മേളയിൽ കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി ആയിരക്കണക്കിന് വിദ്യാർഥികളാണ് കഥകളി ആസ്വദിക്കാനെത്തിയത്.  
കഥകളി ഗ്രാമത്തിനുള്ള മറ്റൊരു അംഗീകാരമായിരുന്നു തെക്കന്‍ കലാമണ്ഡലം യാഥാര്‍ഥ്യമാകുമെന്ന മന്ത്രി വീണാ ജോർജിന്റെ പ്രസ്താവന. ഈ വർഷത്തെ കഥകളി മേള ഉദ്‌ഘാടനം ചെയ്തുകൊണ്ടാണ്‌ മന്ത്രി ഇത് പ്രഖ്യാപിച്ചത്. അയിരൂരിലെ നിർദ്ദിഷ്ട കഥകളി മ്യൂസിയം കാലത്തിന്‍റെ കൈവിളക്കായി മാറുമെന്നും കഥകളിമേള അവിസ്മരണീയമായി ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top