25 April Thursday
ബസപകടം

ഭീതിയൊഴിയാതെ 
പെരുന്തുരുത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021
തിരുവല്ല
വെള്ളിയാഴ്‌ച വൈകിട്ട്‌ എസി റോഡിൽ ശാന്തമായി വാഹനങ്ങൾ ഓടുകയായിരുന്നു. ഞൊടിയിടയിൽ നിയന്ത്രണംവിട്ട ബസ് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചവരുടെ മുകളിലൂടെ അവരെയും വലിച്ചിഴച്ച് റോഡരികിലെ ഒപ്ടിക്കൽ കടയിലേക്ക് പാഞ്ഞുകയറി. വഴിയരികിൽ നിന്നവർ ഓടി മാറി. കടയിലുണ്ടായിരുന്നവർ അലറി വിളിച്ചു. ബസിൽ 35 പേരായിരുന്നു ആ സമയം. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു.
ഡ്രൈവർ കുഴഞ്ഞു വീഴുന്നതു പോലെ തോന്നിയതായി രക്ഷപെട്ടവർ പറഞ്ഞു. സ്കൂട്ടർ യാത്രികരെ ചതച്ചരച്ച് വലിച്ചിഴച്ച് ബസ് ഇടിച്ച് കയറുന്നത് കണ്ടവർ ഭയന്ന് അലറി വിളിച്ചു. പെരുന്തുരുത്തിയിലെ എമിറേറ്റ്സ് ഒപ്ടിക്കൽസ് എന്ന കടയുടെ മുന്നിലുണ്ടായിരുന്ന രണ്ട് സ്കൂട്ടറുകളും കാറും ഇടിച്ച് തകർത്താണ് ബസ് പാഞ്ഞ് കയറിയത്. 
ബസിനടിയിൽ കുടുങ്ങിയവരെ വേർപെടുത്താൻ ഓടി കൂടിയവർക്ക് കഴിഞ്ഞില്ല. അപകടവിവരമറിഞ്ഞ് നഗരത്തിലൂടെ ആംബുലൻസുകളും ഫയർഫോഴ്സും പൊലീസ് വാഹനങ്ങളും ചീറി പാഞ്ഞപ്പോൾ നഗരവും വിറങ്ങലിച്ചു. ഞൊടിയിടയിൽ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്കെത്തിച്ചു. ബസിനടിയിൽ കുടുങ്ങി പോയവരെ വേർപെടുത്താൻ ഏറെ സമയം വേണ്ടി വന്നു.
ഈ കടയിലെ സിസിടിവിയിൽ പതിഞ്ഞ അപകടരംഗം നിമിഷങ്ങൾക്കകം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. കണ്ടവരും കേട്ടവരും ഓടിയെത്തി രക്ഷാപ്രവർത്തനങ്ങളിലേർപ്പെട്ടു. തലയിൽ മുറിവേറ്റ ബസ് ഡ്രൈവർ അതിന് മുന്നിൽ വേദനയോടെ ഇരിക്കുന്നുണ്ടായിരുന്നു.
കോട്ടയം ഡിപ്പോയിലെ ആർ പി എം 512- ഫാസ്റ്റ് പാസഞ്ചർ ബസാണ് വെള്ളിയാഴ്ച വൈകിട്ട് 4.10 ന് അപകടത്തിൽ പെട്ടത്. പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസ് നല്ല വേഗത്തിലായിരുന്നുവെന്ന് രക്ഷപെട്ടവർ പറഞ്ഞു.
"കാലു കുഴയുന്നതു പോലെ തോന്നി. ചവിട്ടാൻ നോക്കിയിട്ട് ചവിട്ടാൻ ശക്തിയില്ലാത്ത പോലെ. അപ്പോഴേക്കും ഞാൻ കുഴഞ്ഞിരുന്നു" തിരുവല്ല താലൂക്കാശുപത്രിയിൽ കഴിയുന്ന ബസ് ഡ്രൈവർ അജയകുമാർ പറഞ്ഞു.  വാഹനങ്ങളുടെ അവശിഷ്ടങ്ങൾ സംഭവസ്ഥലത്ത് ചിതറി കിടക്കുകയാണ്. ചിതറി തെറിച്ച ചില്ലുകളും രക്തം തളം കെട്ടികിടക്കുന്നതും ഭീതി ഉളവാക്കുന്നു. വിവാഹമുറപ്പിച്ച്ച്ചവർ മരിച്ച വിവരമറിഞ്ഞ് ചെങ്ങന്നൂരിൽ നിന്നും നിരവധി ആളുകളാണ് അപകടസ്ഥലത്തും ആശുപത്രിയിലും എത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top