29 March Friday

കൊയ്യാനാകാതെ കുമ്പിക്കൽ, 
മുണ്ടകനേല; ആധി ഒഴിയാതെ കർഷകർ

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

   പത്തനംതിട്ട 

കണ്ണിനു കുളിരേകി കനകക്കതിരുകൾ വിളഞ്ഞ പാടത്തിപ്പോൾ കർഷകരുടെ കണ്ണീർക്കടൽ. വിസ്‌മൃതിയിലാണ്ടുപോയ ഓമല്ലൂരിലെ നെല്ലറയ്ക്ക് പുനർജനിയേകിയപ്പോൾ നാടൊന്നാകെ ആഹ്ലാദത്തിമിർപ്പിലായിരുന്നു . പുഞ്ചിരിയോടെ വിത്തെറിഞ്ഞ കർഷകരുടെ കണ്ണുകളിൽ ഇന്ന്‌ നനവ് പടരുകയാണ്‌.  പഞ്ചായത്തിന്റെ ഭരണം മാറിയതോടെ പാടശേഖര സമിതിയുടെ  പ്രതീക്ഷകൾക്ക്‌ മേൽ കരിനിഴലും വീണു. 18 വർഷമായി തരിശുകിടന്ന ഓമല്ലൂർ ആറ്റരികം കുമ്പിക്കൽ, കിഴക്കേ മുണ്ടകൻ പാടശേഖരത്തിലെ 25 ഏക്കർ നെൽക്കൃഷിയാണ് കൊയ്യാനാകാതെ നശിക്കുന്നത്. കാലം തെറ്റി വന്ന ധനുമാസ മഴയിൽ പാടത്തുണ്ടായ വെള്ളക്കെട്ടാണ് പ്രധാന കാരണം. പാടത്തുനിന്ന്‌ അച്ചൻകോവിലാറ്റിലേക്ക് വെള്ളം ഒഴുകുന്ന തോട്ടിൽ മണ്ണും കല്ലുകളും നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു. കൊയ്‌‌ത്ത്‌ യന്ത്രം കൊണ്ടുവന്നെങ്കിലും ചെളിയിൽ താഴുമെന്നതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. തോട്ടിലെ കല്ലും മണലും മാറ്റാൻ ഓമല്ലൂർ പഞ്ചായത്ത് അധികൃതരോട് അടിയന്തര സഹായം അഭ്യർഥിച്ചെങ്കിലും നിരാശയായിരുന്നു ഫലം. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ഇവിടെ കൃഷിയിറക്കിയത്. ഇതുവരെ രണ്ടു ലക്ഷത്തോളം രൂപ ചെലവായി. കുമ്പിക്കൽ ഏലായിലെ നെല്ലുകൾ കരിഞ്ഞു തുടങ്ങി. കൃഷിയിറക്കാൻ കൃഷി വകുപ്പിന്റെ എല്ലാ സഹായവും ലഭിച്ചു. പഞ്ചായത്ത് മുൻകൈയെടുത്ത് തോട്ടിലെ കല്ലും മണലും നീക്കിയില്ലെങ്കിൽ ഓമല്ലൂരിൽ പുനർജനിച്ച കാർഷിക സംസ്‌കൃതിയുടെ ചരമത്തിനാകും കാലം സാക്ഷിയാകുക.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top