08 December Friday
കെണിയിൽ വീണ പുലിയെ കക്കി വനമേഖലയിൽ തുറന്നു വിട്ടു

ഭീതിയകന്നു

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023

വനം വകുപ്പിന്റെ കൂട്ടിൽ വീണ പുലിയെ കക്കി കൊച്ചു പമ്പ ഭാഗത്ത് വനപനപാലകൻ തുറന്നു വിടുന്നു

 കലഞ്ഞൂർ

കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ ജനവാസ മേഖലയിൽ  കുറെ നാളുകളായി ഭീതി പരത്തിയ പുലി ഇനി പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ കക്കി വനമേഖലയിൽ വിഹരിക്കും. കൂടൽ പാക്കണ്ടം വള്ളിവിളയിൽ രണചന്ദ്രന്റെ വീടിന്‌ സമീപം വനംവകുപ്പ്‌ സ്ഥാപിച്ച കൂട്ടിൽ ബുധൻ രാത്രിയാണ്‌ പുലി കുടുങ്ങിയത്‌.  മൂന്ന്‌  വയസ്സ് പ്രായമുള്ള പെൺപുലിയാണ് വീണതെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. പുലി കൂട്ടിൽ വീണത് അറിഞ്ഞ് നിരവധി ആളുകൾ ആണ് പ്രദേശത്ത് തടിച്ച് കൂടിയത്. കൂട്ടിൽ വീണ പുലി പുറത്ത് ചാടാനും കൂട്ടിൽ കിടന്ന ഇരയെ ഭക്ഷിക്കാനും ഒക്കെ ശ്രമിച്ചെങ്കിലും രക്ഷയില്ല എന്ന് കണ്ടതോടെ ശാന്തനായി.
രണചന്ദ്രന്റെ വീടിനോട് ചേർന്ന തൊഴുത്തിൽ കെട്ടിയിരുന്ന ആടിനെ ഒന്നിനെ കാണാതാവുകയും ഒരാടിനെ കടിച്ചു കൊന്ന നിലയിൽ കൂട്ടിൽത്തന്നെ കാണുകയും ചെയ്തു. പരിശോധനയിൽ വന്യമൃഗങ്ങൾ കടിച്ചു കീറി തിന്ന നിലയിൽ ആടിന്റെ മാംസാവശിഷ്ടങ്ങൾ കണ്ടു. 
ഇതിനെത്തുടർന്നാണ് വീടിന് തൊട്ടടുത്തുള്ള റബർ തോട്ടത്തിൽ വനം വകുപ്പ്‌ കൂട് സ്ഥാപിച്ചത്. കഴിഞ്ഞ 31നാണ് കൂട് സ്ഥാപിച്ചത്. ഇരുപത്‌ ദിവസമായി പുലിയുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ സംഭവങ്ങളൊന്നുമുണ്ടായില്ല. പുലി കാടു കയറിയെന്ന് കരുതി നാട്ടുകാർ ആശ്വസിച്ചിരുന്നതിനിടയിലാണ് കഴിഞ്ഞ രാത്രി അപ്രതീക്ഷിതമായി കൂട്ടിൽ അകപ്പെട്ടത്. കോന്നി ഡിഎഫ്ഒ യുടെ കീഴിൽ നടുവത്തുമൂഴി റെയ്‌ഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന പ്രദേശമാണിവിടം. 
കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ ക്വോറി, നടുവത്തുമൂഴി റേഞ്ചാഫീസർ കെ അജിത്, ഡപ്യൂട്ടി റെയിഞ്ചർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പുലിയെ വൈദ്യപരിശോധന നടത്തി.  ശേഷം പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ കക്കി വനമേഖലയിൽ തുറന്നു വിട്ടു. 
കൂടൽ ഇഞ്ചപ്പാറ,പാക്കണ്ടം ഭാഗങ്ങളിലായി രണ്ട് കൂടുകൾ ആണ് വനം വകുപ്പ് അധികൃതർ സ്ഥാപിച്ചത്. എന്നാൽ പ്രദേശത്ത്  പുലി ഉണ്ടെന്ന നാട്ടുകാരുടെ സംശയത്തെ തുടർന്ന് ഇഞ്ചപ്പാറ ഭാഗത്ത് സ്ഥാപിച്ച കൂട് ഇനിയും മാറ്റിയില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top