പത്തനംതിട്ട
25 വർഷം പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്താനും പുതിയ പദ്ധതികൾ ഏറ്റെടുക്കാനും തിരികെ സ്കൂളിലേക്ക് കുടുംബശ്രീ പ്രവർത്തകർ. കുടുംബശ്രീ ശാക്തീകരണ പരിപാടിയായ് "തിരികെ സ്‌കൂളിൽ' പരമ്പരാഗത പരിശീലന പരിപാടികളിൽ നിന്ന് വ്യത്യസ്തമായി സ്‌കൂളിലേക്ക് ചെല്ലുന്ന രീതിയാണ്. ജില്ലയിലെ 58 സിഡിഎസുകൾക്ക് കീഴിലുള്ള 160707 അയൽക്കൂട്ട അംഗങ്ങൾ ഇതിന്റെ ഭാഗമാകും.
ഓരോ പ്രദേശത്തും കണ്ടെത്തുന്ന വിദ്യാലയങ്ങളിലേക്ക് അയൽക്കൂട്ടങ്ങൾ എത്തിച്ചേരും. പൂർണമായും ഒരു ദിവസം മുഴുവനും സ്‌കൂളിൽ ചെലവഴിക്കും. രാവിലെ 9. 30 ന് ആരംഭിക്കുന്ന സ്‌കൂൾ അസംബ്ലിയ്ക്ക് ശേഷം അഞ്ച് വിഷയങ്ങൾ ഉൾക്കൊള്ളിച്ച് ക്ലാസ് നടക്കും. ഇടവേളകളിൽ കലാപരിപാടികൾ അവതരിപ്പിക്കും. സ്‌കൂൾ ബാഗും,ചോറ്റുപാത്രവും, വെള്ളവും ഒക്കെയായി സ്‌കൂളിലെത്തുന്ന വിദ്യാർഥിനികൾക്ക് ജനകീയ കൂട്ടായ്മയിലൂടെ ഉച്ചക്കഞ്ഞി വിതരണം ചെയ്യാനും എഡിഎസ് സംവിധാനങ്ങളുണ്ട്. ഓരോ പ്രദേശത്തും ഈ പരിപാടിയുടെ വിജയത്തിനായി സംഘാടകസമിതികളും ബാലസഭ കുട്ടികളുടെയും ഓക്‌സിലറി ഗ്രൂപ്പുകളുടെയും നേതൃത്വത്തിലുള്ള പ്രചാരണവും നടക്കും.
ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 10 വരെയുള്ള ഒഴിവുദിവസങ്ങളിൽ ആണ് സ്‌കൂളുകൾ ചേരുന്നത്. തിരികെ സ്‌കൂൾ ജില്ലാ തല ഉദ്ഘാടനം ഒക്ടോബർ ഒന്നിന് അടൂർ ബോയ്‌സ് സ്‌കൂളിൽ നടക്കും. 25, 26 തീയതികളിലായി മുഴുവൻ ബ്ലോക്കുകളിലും തെരഞ്ഞെടുത്ത അധ്യാപകർക്കുള്ള പരിശീലനം നടത്തും. ജില്ലാ തലത്തിലുള്ള പരിശീലനം മലയാലപ്പുഴ പഞ്ചായത്ത് ഹാളിൽ ആരംഭിച്ചു. ജില്ലാമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ബിന്ദു രേഖ ഫ്ളാഗ് ഓഫ് ചെയ്തു. കുടുംബശ്രീ മിഷൻ സംസ്ഥാന പരിശീലകൻ രതീഷ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ജില്ലാ പ്രോഗ്രാം മാനേജർമാരായ പി ആർ അനൂപ , അനിത കെ നായർ, ഷീബ, ഷിജു എം സാംസൺ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..