09 December Saturday
യുവജന കമീഷൻ അദാലത്ത്‌

മാനസികാരോഗ്യം വളർത്താൻ 
പ്രവർത്തനം ഏകോപിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023
പത്തനംതിട്ട 
യുവാക്കളുടെ മാനസികാരോഗ്യം വളർത്താനുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് യുവജന കമീഷൻ ചെയർമാൻ എം ഷാജർ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യുവജന കമീഷൻ ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിസാര പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനാകാതെ  യുവാക്കൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നു. കഴിഞ്ഞ ആറുവർഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത കേസുകൾ പഠിച്ച് റിപ്പോർട്ട് സർക്കാരിന്  സമർപ്പിക്കും. ലഹരി ഉൾപ്പെടെയുള്ള സാമൂഹ്യ വിപത്തുകൾക്കെതിരെ ക്യാമ്പയിനുകൾ സംഘടിപ്പിക്കും. യുവ കർഷകസംഗമം, ഗ്രീൻ സോൺ പദ്ധതി, ദേശീയ സെമിനാർ, ആരോഗ്യ ക്യാമ്പ്, തൊഴിൽമേള തുടങ്ങിയവയും യുവജന കമീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ടെന്നും ചെയർമാൻ പറഞ്ഞു.
അദാലത്തിൽ ലഭിച്ച 17 പരാതികളിൽ ഒമ്പതെണ്ണം തീർപ്പാക്കി. എട്ടെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. ഏഴ് പുതിയ പരാതികൾ സ്വീകരിച്ചു. കമ്മീഷൻ അംഗങ്ങളായ പി എ സമദ്, റെനിഷ് മാത്യു, കമ്മീഷൻ സെക്രട്ടറി ഡാർളി ജോസഫ്, ലീഗൽ അഡൈ്വസർ അഡ്വ. വിനിത വിൻസെന്റ് എന്നിവർ പങ്കെടുത്തു. 
ജാഗ്രതാ സഭ രൂപീകരിച്ചു
വിദ്യാർഥി- യുവജന സംഘടനാ പ്രതിനിധികൾ, സർവ്വകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻസിസി പ്രതിനിധികളെ ഉൾപ്പെടുത്തി ജില്ലാതലത്തിൽ  ജാഗ്രതാസഭ രൂപീകരിച്ചു. കമീഷനംഗം പി എ സമദ് അധ്യക്ഷനായി. ചടങ്ങിൽ കമ്മീഷൻ അംഗമായ റെനീഷ് മാത്യു, കമ്മീഷൻ സെക്രട്ടറി ഡാർളി ജോസഫ്, ലീഗൽ അഡൈ്വസർ അഡ്വ. വിനിത വിൻസെന്റ്, അസിസ്റ്റന്റ് പി അഭിഷേക്, ജില്ലാ കോഓർഡിനേറ്റർ വിഷ്ണു വിക്രമൻ തുടങ്ങിയവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top