28 March Thursday

ഡിസ്‌പെൻസറികളിൽ ഔഷധസസ്യ ഉദ്യാനം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
പത്തനംതിട്ട
പത്തനംതിട്ട ജില്ലയിലെ ആറ് ആയുർവേദ, ഹോമിയോ ഡിസ്‌പെൻസറികളിൽ നാഷണൽ ആയുഷ് മിഷനും ഹരിത കേരള മിഷനും ചേർന്ന് ഔഷധ സസ്യ പച്ച തുരുത്തുകൾ തയാറാക്കി. ഡിസ്‌പെൻസറികളെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ  ആയി ഉയർത്തുന്നതിന്റെ ഭാഗമായിട്ടാണിത്. സർക്കാർ ആയുർവേദ ഡിസ്‌പെൻസറികളായ കല്ലേലി (അരുവാപ്പുലം പഞ്ചായത്ത്), കുളനട, പന്തളം തെക്കേക്കര എന്നീ സ്ഥാപനങ്ങളും കുറ്റൂർ, പന്തളം നഗരസഭ, കുളനട ഹോമിയോ ഡിസ്‌പെൻസറികളുമാണ് ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ പദവിയിലേക്ക് ഉയർത്തുന്നത്.
ചട്ടികളിൽ 15 ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചു. ആര്യവേപ്പ്, ശതാവരി, നെല്ലി, കൊടങ്ങൽ, ഇഞ്ചി, ആവണക്ക്, തുളസി, ആടലോടകം, അമുക്കുരം, കുറുന്തോട്ടി, കീഴാർനെല്ലി, ബ്രഹ്‌മി, ചിറ്റമൃത്, മഞ്ഞൾ, കറ്റാർവാഴ തുടങ്ങിയ ഔഷധ സസ്യങ്ങളാണ് നട്ടുപിടിപ്പിച്ചത്. സസ്യങ്ങളുടെ പേരും ഉപയോഗങ്ങളും അടങ്ങിയ വിശദമായ ബോർഡും ഓരോ ചട്ടിയിലും സ്ഥാപിച്ചു. ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം  മാനേജർ ഡോ.സുനിത, ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. പി എസ്. ശ്രീകുമാർ, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഡി ബിജു കുമാർ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ആർ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകീകരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top