26 April Friday
പനാമയുടെ ദേശീയ പുഷ്പം

പ്രാവിനെ പോലൊരു 
സുന്ദരിപ്പൂവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

കുമ്മണ്ണൂർ മുളന്തറ ഒറ്റത്തെങ്ങിൽ ബിജു ഫിലിപ്പിന്റെ വീട്ടിലെ പ്രാവിന്റെ രൂപത്തിലുള്ള പൂവ്‌ വിരിഞ്ഞപ്പോൾ

 
വി ശിവകുമാർ
കോന്നി 
പൂവാണ്‌, കണ്ടാൽ പ്രാവ്‌ കൂടിനുള്ളിൽ ഇരിക്കുംപോലെ. കുമ്മണ്ണൂർ മുളന്തറ ഒറ്റതെങ്ങിൽ ബിജു ഫിലിപ്പിന്റെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലാണ് കൗതുകമുണർത്തുന്ന വിദേശി പൂക്കളുള്ളത്‌. പെരിസ്റ്റേരിയ ഇലറ്റ എന്ന പേരിൽ അറിയപ്പെടുന്ന ഓർക്കിഡ്‌ ഇനത്തിൽ പെട്ട ചെടിയാണിത്‌. ഹോളി ഗോസ്റ്റ് ഓർക്കിഡ്, ഡോവ് ഓർക്കിഡ്, ഇംഗ്ലീഷിൽ ഫ്ളവർ ഓഫ് ദ ഹോളി സ്പിരിറ്റ്, സ്പാനിഷിൽ ഫ്ലോർ ഡെൽ എസ്പിരിതു സാന്റോ എന്നിവ ഇതിന്റെ പൊതുനാമങ്ങളാണ്. മധ്യ, -വടക്കു പടിഞ്ഞാറൻ അമേരിക്കയിലും ഈ എപ്പിഫൈറ്റ്‌ കണ്ടെത്തിയിട്ടുണ്ട്. കോസ്റ്റാറീക്ക മുതൽ പെറു വരെ ഇത് വ്യാപിച്ചിരിക്കുന്നു. പനാമയുടെ ദേശീയ പുഷ്പമാണിത്‌. 
12 സെന്റീമീറ്റർ ഉയരവും ചുവട്ടിൽ ഓവോയിഡ് സ്യൂഡോ ബൾബും കാണുന്നു. പൂക്കളുടെ മധ്യത്തിൽ മാടപ്രാവിന്റെ സാദൃശ്യമുള്ള രൂപമുണ്ട്‌. പൂങ്കുലകൾ നിവർന്നതോ, ഞാന്നു കിടക്കുന്നതോ ആകാം. പുഷ്പങ്ങളുടെ അടിഭാഗം വെള്ളയും അവയിൽ ചില പിങ്ക് നിറത്തിലെ കുത്തുകളും ഉണ്ട്. ഇളം ചൂടും ആർദ്രതയുമുള്ള സാഹചര്യങ്ങളിൽ ഇവ വളരുന്നു. സങ്കരയിനത്തിലെയും സ്പീഷിസിലെയും വ്യതിയാനമനുസരിച്ച് പൂക്കളുടെ നിറവും രൂപവും വലിപ്പവും വ്യത്യാസപ്പെടാം. പായ്ക്ക് ചെയ്ത് കയറ്റി അയക്കുമ്പോൾ മുകുളങ്ങളോ പൂക്കളോ ഉണങ്ങി പോകാനുള്ള സാധ്യതയുണ്ട്. തദ്ദേശ കാലാവസ്ഥാ അവസ്ഥകളും നൽകപ്പെടുന്ന പോഷണവും പൂക്കളുടെ തിളക്കത്തെയും നിറത്തിന്റെ തീവ്രതയേയും ബാധിച്ചേക്കാം. 
വർഷത്തിലൊരിക്കലാണ് ഇത് പൂവിടുന്നത്. എന്നാൽ ബിജുവിന്റെ വീട്ടിൽ ഇത് പൂവിട്ടത് മൂന്നു വർഷത്തെ പരിപാലനത്തിനു ശേഷമാണ്. ഒരു ചെടിയിൽ നാലുവരെ പൂക്കൾ ഉണ്ടാകും. പ്രാവിന്റെ രൂപത്തിലുള്ള മനോഹരമായ പൂക്കൾ കാണാൻ ബിജുവിന്റെ വീട്ടിൽ നിരവധി ആളുകളാണ് എത്തുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top