19 April Friday

വിജയൻ സഖാവ്‌ പോയത്‌ 
സമരമുഖത്തുനിന്ന്‌

സ്വന്തം ലേഖകൻUpdated: Wednesday Jun 22, 2022

തിങ്കളാഴ്‌ച വൈകിട്ട്‌ കോഴഞ്ചേരിയിലെ പ്രതിഷേധ പ്രകടനത്തിൽ എം കെ വിജയൻ

കോഴഞ്ചേരി 
സമരമുഖത്തുനിന്ന്‌ മരണത്തിലേയ്ക്ക്. വിശ്വസിക്കാനാവാതെ സഖാക്കൾ. കണ്ണീരിൽ കുതിർന്ന് നാട്. സിപിഐ എം കോഴഞ്ചേരി ലോക്കൽ സെക്രട്ടറി എം കെ വിജയന്റെ ജീവിതം പാർട്ടിക്കും നാട്ടുകാർക്കും വേണ്ടി എരിഞ്ഞടങ്ങുകയായിരുന്നു. തൊഴിലാളി നേതാവായി സാംസ്‌കാരിക നായകനായി ജീവകാരുണ്യ പ്രവർത്തകനായി കോഴഞ്ചേരിയിൽ പാർടി അമരക്കാരനായി ആയിരങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു നിന്ന നേതാവാണ് മേലുകര ചിറയിൽ വീട്ടിൽ എം കെ വിജയൻ.
യുവ നേതാവ് നൈജിൽ കെ ജോണിനു നെരെ നടന്ന ആർഎസ്എസ് വധശ്രമം സഖാവിന് ആഘാതമായി. ആശുപത്രിക്കിടക്കയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന നൈജിലിനെ കണ്ടതു മുതൽ വല്ലാത്ത വേദനയിലായിരുന്നു വിജയൻ. 
ആർഎസ്‌എസ്‌ കൊലപാതക രാഷ്ട്രീയത്തിനെതിരെ തിങ്കൾ വൈകിട്ട് കോഴഞ്ചേരി നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനം മറ്റു നേതാക്കൾക്കൊപ്പം സംഘടിപ്പിച്ച് ജാഥ നയിച്ച് പ്രസംഗിച്ച് വീട്ടിൽ മടങ്ങിയെത്തി രണ്ടു മണിക്കൂറിനുള്ളിലായിരുന്നു ഹൃദയാഘാതവും തുടർന്ന് മരണവും. അർധരാത്രി നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ  ആശുപത്രിയിലെത്തിച്ചെങ്കിലും മരണം  കവർന്നു.
ഡിവൈഎഫ്ഐ യിലൂടെയായിരുന്നു രാഷ്ടീയ പ്രവർത്തനാരംഭം. സിപിഐ എം ലോക്കൽ സെക്രട്ടറി, സിഐടിയു, കെ എസ് കെ ടി യു, പി കെ എസ് , പുരോഗമന കലാസാഹിത്യ സംഘം തുടങ്ങിയ സംഘടനകളുടെ ഏരിയാ ഭാരവാഹി കൂടിയായിരുന്നു അദ്ദേഹം.
പരിചയപ്പെടുന്ന ആരായാലും ആ സൗഹൃദവും സ്നേഹവും മറക്കില്ല. ആരേയും ഏതു സമയത്തും സഹായിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ചികിത്സ തേടി ജില്ലാ ആശുപത്രിയിൽ എത്തുന്നവർക്ക് ചീട്ടെടുത്തു നൽകുന്നതു മുതൽ ചികിത്സ കഴിഞ്ഞു മടങ്ങും വരെ വിനീതവിധേയനായി ഒപ്പം നിന്നു. കോളേജ് വിദ്യാർഥികളടക്കം യോഗം കൂടാനെത്തുന്ന കോഴഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ അവർക്ക്‌ സ്വന്തം പോക്കറ്റിലെ കാശുകൊണ്ട്‌ ഭക്ഷണം നൽകി. 
കോഴഞ്ചേരിയിലെ എല്ലാ പരിപാടികൾക്കും മുന്നിൽ. വിജയനില്ലാത്ത ഒരു പരിപാടിയുമില്ല. കുടുബത്തെക്കാൾ പാർടിയെ സ്നേഹിച്ചു. മക്കളില്ലാത്ത വിജയന് ഡിവൈഎഫ്ഐ, എസ് എഫ് ഐ പ്രവർത്തകർ മക്കളെ പോലെയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top