26 April Friday

എംഎല്‍എ ഇടപെട്ടു, കോന്നി 
നാരായണപുരം ചന്ത ക്ലീൻ

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

കോന്നി നാരായണപുരം ചന്തയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത സ്ഥലം അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ പരിശോധിക്കുന്നു

കോന്നി
അഡ്വ. കെ യു ജനീഷ്‌കുമാർ എംഎല്‍എയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന്‌ കോന്നി നാരായണപുരം ചന്തയിലെ ദുര്‍ഗന്ധം വമിപ്പിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിച്ചു. ചന്തയില്‍ പുതിയ ഗേറ്റും സിസിടിവിയും ഉടന്‍ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കി. വെള്ളമില്ലാത്തതിനാല്‍ പ്രവര്‍ത്തനക്ഷമമായി കിടക്കുന്ന ശുചിമുറികൾ വൃത്തിയാക്കി ഉപയോഗ യോഗ്യമാക്കുമെന്നും മത്സ്യമാര്‍ക്കറ്റിനുള്ളില്‍ തന്നെ വിപണനം നടത്തുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്നും മാലിന്യപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിനു വേണ്ടി പഞ്ചായത്ത് തലത്തില്‍ പ്രത്യേക  യോഗം വിളിക്കുമെന്നും എംഎല്‍എ അറിയിച്ചു. 
ചന്തയിൽ മാലിന്യമില്ലെന്ന്‌ പഞ്ചായത്ത്‌ സെക്രട്ടറി യോഗത്തിൽ അറിയിച്ചത്‌ ശരിയല്ലെന്ന്‌ ചൂണ്ടിക്കാട്ടി എംഎൽഎ നേരിട്ട്‌ കഴിഞ്ഞദിവസം ചന്ത സന്ദർശിക്കുകയായിരുന്നു. ആരോഗ്യജാഗ്രത ജില്ലാതല യോഗത്തിലാണ്‌ എംഎൽഎ മാലിന്യപ്രശ്‌നം ഉന്നയിച്ചത്‌. യോഗത്തിൽ കോന്നിയിൽ പ്രവർത്തനരഹിതമായ മാലിന്യപ്ലാന്റിനെക്കുറിച്ചും എംഎൽഎ പറഞ്ഞു. 
തുടർന്ന്‌ മാലിന്യം പൂർണമായി നീക്കിയെന്ന്‌ പഞ്ചായത്ത്‌ സെക്രട്ടറി അവകാശപ്പെട്ടു. എന്നാൽ, ഇത്‌ ശരിയല്ലെന്നും പോയി നോക്കാമെന്നും എംഎൽഎ പറയുകയായിരുന്നു. പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് മാലിന്യങ്ങള്‍ കുന്നുകൂടി അതിരൂക്ഷഗന്ധം പടര്‍ത്തി പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എംഎല്‍എ നേരില്‍ക്കണ്ട് ബോധ്യപ്പെട്ടത്.  എത്രയും വേഗം ചന്ത വൃത്തിയാക്കാനും മാലിന്യങ്ങള്‍ യഥാവിധി സംസ്‌കരിക്കാനും എംഎല്‍എ പഞ്ചായത്ത് അധികൃതര്‍ക്ക് അന്ത്യശാസനം നല്‍കി. 
ഇതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ആര്‍ സുരേഷ്, കോന്നി പഞ്ചായത്ത് സെക്രട്ടറി ജയബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചന്തയിലെ മാലിന്യങ്ങള്‍ വേഗത്തില്‍ സംസ്‌കരിച്ചത്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top