27 April Saturday
പത്തനംതിട്ട നഗരസഭ ബജറ്റ്‌

ദുർഗന്ധം കുറഞ്ഞു, സാമ്പ്രാണി വിൽപ്പനയും പിന്തുണച്ച്‌ പ്രതിപക്ഷവും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

 പത്തനംതിട്ട

പ്രതിപക്ഷവും പിന്തുണച്ചതോടെ പത്തനംതിട്ട നഗരസഭാ ബജറ്റ്‌ ഏകകണ്ഠമായി പാസായി. കൗൺസിലറും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന എം സി ഷെറീഫും ബജറ്റ്‌ ചർച്ചക്കായി ചേർന്ന കൗൺസിൽ യോഗത്തിൽ ബജറ്റിനെ പിന്തുണച്ചു. പ്രതിപക്ഷ നേതാവ്‌ വരെ പിന്തുണച്ച ബജറ്റിനെ അതുപോലെ അനുകൂലിക്കുന്നു എന്നായിരുന്നു കൗൺസിലറുടെ അഭിപ്രായം. സമഗ്ര വികസനം മുന്നോട്ട്‌ വെയ്‌ക്കുന്ന ബജറ്റ്‌ ചർച്ചകൾക്കൊടുവിൽ അംഗീകരിച്ചു. 
വികസനത്തിന് കക്ഷി രാഷ്ട്രീയമില്ല, നാടിന്റെ പുരോഗതി മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചർച്ചക്ക് തുടക്കം കുറിച്ച പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി നിലപാടറിയിച്ചു.  കെ കെ നായർ ജില്ലാ സ്റ്റേഡിയം എന്ന പേര് നൽകി കായിക കേരളത്തിൽ പത്തനംതിട്ടയെ അടയാളപ്പെടുത്തുന്ന ഭരണ സമിതിയെ പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു. നഗരത്തിന്റെ അഭിമാനമായ മാലിന്യ സംസ്കരണവും  കായിക - കലാസാംസ്കാരിക മേഖലകളിലെ പ്രഖ്യാപനങ്ങളും ചർച്ചയിൽ ആവർത്തിച്ചുയർന്നു. സമഗ്ര വികസനത്തിന് ഉതകുന്ന ബജറ്റിന്മേൽ നടന്ന ചർച്ചക്ക് ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി മറുപടി പറഞ്ഞു.
നിലവിലെ നഗരസഭാ ഭരണസമിതി രണ്ട് വർഷം പിന്നിടുമ്പോൾ പ്രദേശത്തെ കടകളിൽ സാമ്പ്രാണി വിൽപന കുറഞ്ഞതായി ഒന്നാം വാർഡ് കൗൺസിലർ ശോഭ കെ മാത്യു പറഞ്ഞു. മാലിന്യ കൂമ്പാരമായി കിടന്ന നഗരത്തിൽ മുഴുവൻ സമയവും സാമ്പ്രാണിത്തിരി കത്തിച്ചു വെച്ചാണ് ജനങ്ങൾ കഴിഞ്ഞിരുന്നത്. നഗരസഭാ കൗൺസിൽ യോഗം ചേർന്നിരുന്നത് പോലും കത്തിച്ചുവെച്ച സാമ്പ്രാണി തിരികളുടെ പുക നിറഞ്ഞ ഹാളിലായിരുന്നു. ഇതിന്റെ ദൃശ്യം ഉൾപ്പടെ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിക്ക് മാറ്റം വന്നു. നിലവിലെ ഭരണസമിതി ചുമതലയേറ്റപ്പോൾ മാലിന്യ സംസ്‌കരണ മേഖലയിൽ സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ നടത്തി. എന്നാൽ രണ്ടു വർഷം കൊണ്ട് നഗരസഭയുടെ സ്വന്തം സംവിധാനമുപയോഗിച്ച് പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞിട്ടുണ്ട്‌.
 ഈ ബജറ്റിൽ മാലിന്യ സംസ്‌കരണ മേഖലയ്ക്ക് മാത്രമായി 55 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പുതിയ എംസിഎഫ്, ആർആർഎഫുകൾ സ്ഥാപിക്കൽ, പരിപാലനം, ബയോഗ്യാസ് പ്ലാന്റ് നവീകരണം, പ്ലാസ്റ്റിക് ഷ്രെഡ്ഡിങ്‌ യൂണിറ്റ്, തുമ്പൂർമൂഴി യൂണിറ്റ് പരിപാലനം തുടങ്ങിയ വിവിധ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പ്രാണി അല്ല കുന്തിരിക്കം കത്തിച്ചാലും സഹിക്കാൻ കഴിയാത്ത ദുർഗന്ധത്തിൽ നിന്നാണ് നഗരത്തെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചതെന്ന് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ജെറി അലക്‌സും പറഞ്ഞു. മാലിന്യ സംസ്‌കരണ രംഗത്തും ഹരിത കർമ്മ സേനയുടെ പ്രവർത്തനത്തിലും പരമാവധി നേട്ടം ഉറപ്പാക്കാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി കൗൺസിലർമാരുടെ ഇടപെടൽ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top