26 April Friday

ഒടുവിൽ രൗദ്രഭീമനെ ഗോപി തുറിച്ചു നോക്കി...

ടി എ റെജികുമാർUpdated: Saturday Jan 22, 2022

ഫാക്ട് മോഹനന് തിരുവല്ല ഗോപിനാഥൻ നായർ വേഷമിടുന്നു (ഫയൽ ചിത്രം).

 

തിരുവല്ല
അഞ്ചാം വയസ്സിൽ അമ്മ ജാനകിയോടൊപ്പം തിരുവല്ല വല്ല്യമ്പലത്തിൽ അച്ഛൻ തിരുവല്ല മാധവൻ പിള്ളയുടെ കഥകളി കാണാൻ പോയത്‌ ഗോപിനാഥൻ നായർ ഒരു കാലത്തും മറക്കില്ല. അരങ്ങത്ത് ഭീമൻ ദുശ്ശാസനനെ കൊന്നു. അമ്മയുടെ കൂട്ടുകാരി  ഈ സമയം  ചെവിയിൽ പറഞ്ഞു. ഗോപീ, നിന്റച്ഛനാണ് ആ മരിച്ചു കിടക്കുന്നത്. കേൾക്കാത്ത താമസം, ആളുകൾക്കിടയിലൂടെ ഓടി അരങ്ങത്തെത്തി അച്ഛന്റെ കൈയിൽ പിടിച്ച് എഴുന്നേൽക്കച്ഛാ എന്നലറിക്കരഞ്ഞു...ഒടുവിൽ രൗദ്ര ഭീമനെ ഗോപിനാഥൻ തുറിച്ചു നോക്കിയതും ബാല്യകഥ. കഥകളിയോട് തന്നെ അടുപ്പിച്ചത് ഈ സംഭവം ആണെന്ന് ചുട്ടി കലാകാരനായ ഗോപിനാഥൻ പറയുന്നു.വെള്ളിയാഴ്ച 81ന്റെ നിറവിലെത്തിയിരുന്നു തിരുവല്ലക്കാരുടെ അഭിമാനം ഗോപിചേട്ടൻ.
കോവിഡ് കഥകളിയരങ്ങിനെ നിശ്ചലമാക്കിയപ്പോൾ ചുട്ടി കമ്പിൽ നിന്നും തൂലികയിലേക്ക് മാറി കഥകളിയുടെ ചരിത്രമെഴുതുകയായിരുന്നു ഗോപിചേട്ടൻ.  അറിവും അനുഭവങ്ങളും ജീവിതവും സമന്വയിപ്പിച്ച് രചിച്ച  കലയും ജീവിതവും എന്ന പുസ്തകം കഥകളി കലാകാരൻമാരുടെ ഇടയിൽ വലിയ പ്രചാരം നേടി കഴിഞ്ഞു.ആറര പതിറ്റാണ്ട് നീണ്ട കഥകളി ജീവിതത്തിന്റെ കഥയാണത്‌. 
21000 വേദികളിലായി ഒന്നര ലക്ഷത്തോളം കലാകാരൻമാർക്കാണ്‌ ഗോപിനാഥൻ ചുട്ടി എഴുതിയത്‌.ചെറുപ്രായത്തിൽ കഥകളി നടനാകാനുള്ള ആഗ്രഹം അച്ഛനെ അറിയിച്ചു. ചുട്ടിയെഴുത്തുകാരനാവാനാണ് അച്ഛൻ നിർദേശിച്ചത്. പേരുകേട്ട തിരുവൻവണ്ടൂർ രാമൻപിള്ള ആശാന് ദക്ഷിണ നൽകി പരിശീലനം തുടങ്ങി. ആട്ടവേഷങ്ങളുടെ മഹത്വപൂർണമായ വഴക്കങ്ങൾക്ക് 15–--ാം വയസു മുതൽ ചമയക്കൂട്ടുകൾ ഇടാൻ തുടങ്ങിയതാണ്. ഏറ്റവും കൂടുതൽ വേഷങ്ങൾക്ക് ചായമിട്ട വ്യക്തിയെന്ന റെക്കോഡിനുടമയാണ്.
നവരസങ്ങൾ മനുഷ്യമുഖത്ത് ആയിരം അർഥങ്ങൾ ധ്വനിപ്പിക്കുന്ന നിലയിൽ വരയ്ക്കുന്നത് ശ്രമകരം.എന്നാൽ കഥകളി വേഷത്തിന്റെ പൂർണത  ചുട്ടിയിലാണ്‌.  ചരിത്രം, നാൾവഴികൾ, പ്രചാരത്തിലെത്തിച്ചവർ, നടൻമാർ, താളക്കാർ എന്നിങ്ങനെ കഥകളിയുടെ വിജ്‌ഞാനകോശമാണ്‌ തിരുവല്ല പാലിയേക്കര  ഗോപീസദനത്തിൽ എം ഗോപിനാഥ പിള്ളയുടെ രചന.  ഓസോൺ ബുക്സാണ് പ്രസിദ്ധീകരിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ.കെ അനന്തഗോപനാണ്  പ്രകാശനം ചെയ്തത്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top